മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ലോകാനാമേകനാഥം പദതളിരിൽ വണങ്ങും ജനാനാമശേഷാ-
മാകാംക്ഷാം പുരയന്തം നയനശിഖിശിഖാലീഢചൂതായുതാംഗം
ഏകീഭാവായ കുന്നീൻമകളെ നിജശരീരാർത്ഥമായ് ചേർത്തു പേർത്തും
ഭോഗോന്മേഷം വളർക്കും വിബുധപരിവൃഢം ചന്ദ്രചൂഡം ഭജേഥാഃ.
ഇതിൻ്റെ ശേഷം ചെയ്യുന്ന ഉപന്യാസവും ഭാഷയിലാണു്. ഇത്രയും അവതാരികയോടുകൂടി ശ്ലോകാർത്ഥവും പദപ്രയോജനവും പറഞ്ഞു്, പരമേശ്വരൻ അഥവാ വിഷ്ണുതന്നെ സേവ്യനെന്നു സാധിക്കുന്നു…
ഇതിൻ്റെ ശേഷം രാമായണം കഥയുടെ മാഹാത്മ്യം പറഞ്ഞ്, ആ കഥയിൽ പ്രവേശിക്കുന്നു, ഇങ്ങനെയായിരുന്നു പൂർവ്വകാലങ്ങളിൽ കഥാവതരണംചെയ്തിരുന്ന സമ്പ്രദായം. തദനന്തരം ഭാഷാഗദ്യപദ്യാത്മകമായ പ്രബന്ധം ചൊല്ലി, വിസ്തരിച്ചു, അർത്ഥം പറഞ്ഞു്, ശ്രോതാക്കളെ സന്തോഷിപ്പിച്ചിരുന്നു.
ഇങ്ങനെ നടന്നുവന്ന കാലത്താണ് തിരുവഞ്ചിക്കുളത്തു വാണരുളിയിരുന്ന കുലശേഖരവർമ്മ മഹാരാജാവു് ‘ധനഞ്ജയം’ മുതലായ നാടകങ്ങളുണ്ടാക്കി ചാക്യാന്മാരെക്കൊണ്ടു് അഭിനയിപ്പിച്ചുതുടങ്ങിയതു്. സംസ്കൃത ഭാഷയിൽ അധികം പരിചയമില്ലാത്തവരായ ശ്രോതാക്കളുടെ ബോധത്തിനും വിനോദത്തിനുമായി വിദൂഷകൻ, കഥാപാത്രങ്ങൾ ചൊല്ലുന്ന പദ്യങ്ങളുടേയും പറയുന്ന ഗദ്യങ്ങളുടേയും ഭാഷാന്തരങ്ങളെക്കൂടി ഭാഷാപദ്യരൂപത്തിൽ ചൊല്ലുക പതിവായിരുന്നു. ഈ ആവശ്യത്തിലേക്കു വേണ്ട സകല പദ്യങ്ങളും ‘തോലൻ’ ഉണ്ടാക്കിയിട്ടുള്ളതായിട്ടാണു കേൾവി. ഇങ്ങനെ കുലശേഖരവർമ്മ മഹാരാജാവിൻ്റെ ആജ്ഞാനുസരണം അഭിനയിച്ചുപോന്ന നാടകങ്ങളിൽ പണ്ഡിതന്മാരെ രസിപ്പിക്കുന്നതിനു സംസ്കൃത ഗദ്യപദ്യങ്ങൾ ഉണ്ടായിരുന്നതുപോലെതന്നെ പാമരന്മാരെ രസിപ്പിക്കുന്നതിനു ഭാഷാപദ്യങ്ങളും ധാരാളമായി ഉപയോഗപ്പെടുത്തിയിരുന്നു…