പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ചാക്യാന്മാരും നമ്പ്യാന്മാരും കൂത്തിനും പാഠകത്തിനും ഉപയോഗപ്പെടുത്തി വന്നിരുന്ന ഭാഷാശ്ലോകങ്ങളെല്ലാം കാലക്രമത്തിൽ പ്രചാരലുപ്തമായിത്തീർന്നു. മദ്ധ്യകാലത്തു വിദ്വാന്മാരായ നമ്പൂരിമാർ പുരാണകഥകളെ ഭാഷാചമ്പുരൂപത്തിൽ എഴുതിയതു ചാക്യാന്മാരെക്കൊണ്ടും നമ്പ്യാന്മാരെക്കൊണ്ടും കഥപറയിക്കുന്നതിനുവേണ്ടിയാണു്.”

വടക്കുംകൂർ രാജരാജവർമ്മയുടെ അഭിപ്രായവും ഇതിൽനിന്നും അധികം ഭിന്നമല്ല.

‘കൂത്തുപറയുന്നതിനു ചാക്യാന്മാർ ആദ്യകാലത്തു രാമായണഭാരതാദി സംസ്കൃത ചമ്പുക്കളിൽനിന്നും പദ്യങ്ങൾ ഉപയോഗിച്ചുവന്നു അവർ സന്ദർഭാനുകൂലമായി മറ്റു കൃതികളിൽനിന്നും ശ്ലോകങ്ങൾ ഉദ്ധരിച്ച് അർത്ഥം വിവരിക്കുക സാധാരണമാണു്. ഇതുകൊണ്ടൊന്നും ചാക്യാന്മാരുടെ മാർഗ്ഗത്തിന്നു സാഫല്യം ലഭിച്ചില്ല. അതിനു പ്രത്യേകം രസകരമായ ഒരു പ്രബന്ധപ്രസ്ഥാനം ഉണ്ടാകേണ്ട ആവശ്യം നേരിട്ടുകൊണ്ടുതന്നെയിരുന്നു. ഈ സന്ദർഭത്തിലാണ് ഭാഷാചമ്പുക്കളുടെ ആവിർഭാവം… കൂത്തിനു ഉപയോഗിക്കുന്നതിനു ചാക്യാന്മാർക്കുവേണ്ടിയാണു് ഭാഷയിൽ ചമ്പുക്കൾ ഉണ്ടായിട്ടുള്ളതു്. ” * (സാഹിത്യമഞ്ജുഷിക, 1-ാംഭാഗം.) മറ്റു ജാതിക്കാർക്കു പാഠകം പറയുന്നതിനായി ഭാഷാചമ്പുക്കൾ നിർമ്മിച്ചുവെന്നു് ആറ്റൂർ കൃഷ്ണപ്പിഷാരടിയും പ്രസ്താവിക്കുന്നു.

പക്ഷാന്തരം: എന്നാൽ കൊളത്തേരിപ്രഭൃതികളുടെ മേൽപ്രസ്താവിച്ച അഭിപ്രായം മുഴുവൻ ശരിയാണോ എന്നു സംശയിക്കേണ്ടിവരുന്നു. ചാക്യാന്മാരുടേയും ചമ്പുക്കളുടേയും കഥാവതരണ രീതിയിൽ കാണുന്ന സാദൃശ്യമാണത്രെ, പ്രബന്ധങ്ങൾ സംസ്കൃത ഗദ്യപദ്യങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കുവാനായി എഴുതിയിട്ടുള്ളതാണെന്നു് ഊഹിക്കുവാനുള്ള ഒരു പ്രധാന കാരണം. കഥാവതരണരീതിയിൽ പരസ്പരം കാണുന്ന ഈ സാദൃശ്യം ഘുണാക്ഷരന്യായേന സംഭവിച്ചുകൂടെന്നില്ലല്ലോ. ചമ്പുക്കളിലെ ശ്ലോകങ്ങൾ ചാക്യാന്മാർ ചൊല്ലിവരാറുണ്ടെന്നു വാദിക്കുന്ന പക്ഷം, ചമ്പുപ്രബന്ധങ്ങളുടെ ഉത്പത്തിക്കുശേഷം, അവ ചാക്യാന്മാർ പ്രബന്ധങ്ങളിൽനിന്നു സന്ദർഭാനുസാരേണ സ്വീകരിച്ചിട്ടുള്ളതു മാത്രമാണെന്നു കല്പിക്കുന്നതാണു ന്യായം. ആകയാൽ കൂത്തിൻ്റേയോ പാഠകത്തിൻ്റേയോ ആവശ്യത്തെ പുരസ്ക്കരിച്ചല്ല, ഭാഷയിൽചമ്പുക്കൾ ആവിർഭവിച്ചിട്ടുള്ളതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. നേരേമറിച്ചു്, സംസ്കൃതത്തിലെ പ്രസ്ഥാനങ്ങളെ അനുകരിച്ചു ഭാഷയിൽ പല പ്രസ്ഥാനങ്ങളും ഉത്ഭവിച്ചിട്ടുള്ളതുപോലെ — സന്ദേശം, മഹാകാവ്യം മുതലായവ ആ സാഹിത്യത്തിലെ പ്രസ്ഥാനങ്ങളുടെ പ്രതിബിംബങ്ങളാണല്ലൊ — ഭോജൻ, അനന്തഭട്ടൻ മുതലായവരുടെ പ്രബന്ധരീതിയെ അനുകരിച്ച് ഭാഷയിൽ ഉണ്ടായിട്ടുള്ള ഒരു പ്രസ്ഥാനവിശേഷം മാത്രമാണു് ഇതെന്നു കല്പിക്കുന്നതാണ് അധികം സമീചീനമായിരിക്കുന്നതു്. കൂനേഴത്തു പരമേശ്വര മേനോൻ, കേരളവർമ്മ അമ്മാമൻതമ്പുരാൻ തുടങ്ങിയ സഹൃദയവര്യന്മാർ ഈ അഭിപ്രായത്തിനാണു കൂടുതൽ സാമഞ്ജസ്യം കല്പിച്ചിട്ടുള്ളതെന്നുകൂടി ഈ അവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.