മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
കാവ്യാരംഭം: “സാധാരണ ചമ്പുക്കളെല്ലാം തുടങ്ങുന്നതു് വന്ദന ശ്ലോകത്തോടു കൂടിയായിരിക്കും. അതു കഴിഞ്ഞാൽ പിന്നെ കഥാസൂചനം, അഥവാ വസ്തുനിർദ്ദേശമായി, കവി തൻ്റെ തോഴരോടു കുശലപ്രശ്നോത്തരരൂപമായി എന്തെങ്കിലും പ്രസ്താവിക്കയോ, ലോകന്യായത്തെ പ്രതിപാദിക്കുകയോ ചെയ്തു് അതിന് ഉപമാനമായി ഒരു കഥയെ ഉപന്യസിക്കുക” * (സാഹിത്യചരിത്രസംഗ്രഹം പി ശങ്കരൻ നമ്പ്യാർ) യാണു ചെയ്യുന്നതു്. രാമായണ ചമ്പുവിൽ രാവണോത്ഭവകഥയെ സൂചിപ്പിക്കുന്നതു നോക്കുക:
വാരാർന്നാസ്ഥാനരംഗേ വിരവിലിവിടെ വന്നിങ്ങനേ നമ്മിലെത്തു–
ന്നേരം തോഴാ! വിളങ്ങും മനസി മമ സഭാകമ്പിതേ വൻപ്രസാദം
ക്ഷീരാബ്ധൗ രാവണോപദ്രവവിവശതയാ ചെന്നു നാരായണോക്തം
നേരേ കേൾക്കും വിധൗ പണ്ടമരപരിഷദാമുള്ളിലുണ്ടായപോലേ.
ഭാരതത്തിൽ പാഞ്ചാലീസ്വയംവരത്തിലെ വസ്തുനിർദ്ദേശം ഇതാണു്;
ഗാഢാനന്ദസ്വരൂപം നരകവിജയിനം ചിന്മയം മദ്ധ്യനാഡീ-
വാടീമധ്യേ വളർത്തേണ്ടുലകതിനു നരന്നുണ്ടു നല്ലോരുപായം
പാടേ പഞ്ചേന്ദ്രിയാണാമുടനൊരുമ വരേണം തഥാ ചേതനായം
പഞ്ചാനാം പാണ്ഡവാനാമമിതരുചി യഥാ പണ്ടു പാഞ്ചാലജായാം.
അടുത്ത പടി കഥാകഥനമാണ്. അതിനിടയ്ക്കു നഗരാർണ്ണവശൈലാദികൾ കണ്ടു കിട്ടിയാൽ വർണ്ണനയുടെ തിടുക്കംകൊണ്ടു കഥാകഥനം തന്നെ ഇല്ലാതാകും.