മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
വർണ്ണന: ചമ്പുക്കളിലെ കഥാവസ്തു, എത്രതന്നെ നിസ്സാരമായിരുന്നാലും, വർണ്ണനയുടെ ഗാംഭീര്യംകൊണ്ട് അതു സർവ്വലോകത്തെയും അതിശയിക്കുന്നതാണ്. ഇതിവൃത്തം പുരാണോപാത്തമാകയാൽ കവിക്കു യാഥാർത്ഥ്യത്തേയും ചരിത്രത്തേയും ഭയപ്പെടേണ്ട ആവശ്യമില്ലല്ലൊ. തന്നിമിത്തമത്രേ വർണ്ണനകളിൽ അതിരുകടന്ന അതിശയോക്തി മുതലായ അലങ്കാരങ്ങൾ ധാരാളമായി പ്രയോഗിക്കുവാൻ ചമ്പുകർത്താക്കൾക്കു സാധിച്ചിട്ടുള്ളത്. പ്രതിഭാപ്രധാനമായ ലോകാവലോകനമാണ് ചമ്പൂപ്രബന്ധങ്ങളിൽ മുഖ്യം. ഗദ്യവർണ്ണനകളിൽ പലേടത്തും സമകാലസംഗതികളെ നമ്പൂരിമാരുടെ ഫലിതത്തോടുകൂടി പ്രതിഫലിപ്പിച്ചിട്ടുള്ളതു കാണാം. യഥാർത്ഥ ജീവിതത്തിൻ്റെ ചിത്രീകരണത്തിൽ കേരളീയ കവികൾക്കുണ്ടായ ആവേശത്തിൻ്റെ ആദ്യപടിയായി ചമ്പുക്കളിലെ ഈദൃശവർണ്ണനകളെ ഗണിക്കാമെന്നു തോന്നുന്നു. സീത, പാഞ്ചാലി, ദമയന്തി തുടങ്ങിയ നായികമാരുടെ സ്വയംവരാഘോഷ വർണ്ണനങ്ങൾ ഓരോന്നും അതതു പ്രബന്ധങ്ങൾ വായിച്ചുതന്നെ ഗ്രഹിക്കേണ്ടവയാണു്. രാമായണത്തിൽ സീതാസ്വയംവരാഘോഷഘട്ടത്തിൽ ആയുസ്സിൻ്റെ അധികാരികളായ വൈദ്യന്മാരെ പിടികൂടി കവി അവരെ കണക്കിനു ശകാരിക്കുന്നു. പരശുരാമവിജയത്തിൽ, സ്വയംവരാനന്തരം ദശരഥപുത്രന്മാരുടെ അയോദ്ധ്യയിലേക്കുള്ള എഴുന്നള്ളത്തു വർണ്ണിച്ചിരിക്കുന്ന ഭാഗം, തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും മറ്റും പണ്ടു നടന്നിരുന്ന ചില മഹോത്സവങ്ങളുടെ സ്മരണയെ ഉദ്ദീപിപ്പിക്കുവാൻ തികച്ചും പര്യാപ്തമാണ്. അയോദ്ധ്യാപുരിയിലെ പട്ടാഭിഷേകത്തെ വർണ്ണിക്കുന്നിടത്തും മററും കേരളത്തിൽ അന്നു നടപ്പുണ്ടായിരുന്ന ആഘോഷങ്ങളിൽ ചിലതിൻ്റെ ചിത്രീകരണമാണു് ചെയ്തിട്ടുള്ളതെന്നു കാണുവാൻ പ്രയാസമില്ല. ചമ്പുക്കളിലെ ഇത്തരം വർണ്ണനകളുടെ വികാസരൂപമാണ് തുള്ളലുകളിൽ നാം കാണുന്നതെന്നുകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.