പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കവിത: ഗന്ധർവ്വൻ കോയിലിലേക്കു പോകുമ്പോൾ വഴിക്കു കാണുന്ന ഒരങ്ങാടിയെ വർണ്ണിക്കുന്നുണ്ട്. അതീവ ഹൃദ്യമാണു ആ ഭാഗം. ചരിത്രപരമായും അതിനു പ്രാധാന്യമുണ്ട്. ഉണ്ണിയച്ചിയുടെ കോയിലിലെത്തിയപ്പോൾ ഗന്ധർവ്വൻ അവിടെ കാണുന്ന കാഴ്ച ആരെയും രസിപ്പിക്കാൻ പോരുന്നതുതന്നെ. വൈദ്യന്മാർ, ജ്യോത്സ്യന്മാർ, നായന്മാർ, പിഴാരക്കയ്യന്മാർ, ചാത്രന്മാർ തുടങ്ങിയവരെല്ലാം ഉണ്ണിയച്ചിയുടെ കടാക്ഷവീക്ഷണത്തിനുവേണ്ടി അവിടെ കാത്തുകെട്ടിക്കിടക്കുകയാണു്. അവരെ അവഹേളിക്കുന്നതിൽ കവി പ്രദർശിപ്പിച്ചിട്ടുള്ള മനോധർമ്മം ആരുടേയും പ്രശംസ അർഹിക്കുന്നതുതന്നെ.

സഭ്യോക്തിജാള്യയുതസംസ്കൃതശബ്ദസഭ്യ-
പ്പാട്ടിന്നു പാടിവചവീട്ടിൽ വിരഞ്ഞുവന്നു
ചാത്രാഃ സ്വയം ചപലമായ് ചിലർ പേചുമാറു്
കേട്ടാ (നവൻകി)മിദമെൻറു കതൂഹലേന.

ഇങ്ങനെയുള്ള ഭാഗങ്ങൾ നോക്കുക.

ഉണ്ണിച്ചിരുതേവീചരിതം: ഉണ്ണിയച്ചീചരിതത്തോളം തന്നെ പഴക്കമുള്ള മറ്റൊരു ചമ്പൂകാവ്യമാണു് ഉണ്ണിച്ചിരുതേവീചരിതം. കവിതാഗുണം കൊണ്ട് ഇതു് ഉണ്ണിയച്ചീചരിതത്തെയും ജയിക്കുന്നുണ്ട്. കർത്താവു് ചോകിരംഗ്രാമക്കാരനായ ഒരാൾ എന്നു മാത്രമേ പറയാൻ തരമുള്ള. ‘പൊയിലത്തുണ്ണിയപ്പിള്ള പുത്രി’യായ ഉണ്ണിച്ചിരുതേവി എന്ന നായികയുടെ വർണ്ണനമാണ് ഇതിലുള്ളത്. നർത്തകിയായ നായികയുടെ സൗന്ദര്യാതിരേകത്താൽ ഇന്ദ്രൻ അവളിൽ ആകൃഷ്ടനായിത്തീരുന്നു. ആ ദേവരാജൻ അവളെ സന്ദർശിക്കുവാൻ അവളുടെ കോയിലിൽ എത്തുമ്പോൾ അവിടെ വാണിയരും, ആഢ്യബ്രാഹ്മണരും, ചാത്രരും, നായന്മാരുമെല്ലാം പാടുകെട്ടിക്കിടക്കുന്നതു കണ്ട് ഇന്ദ്രൻ മടങ്ങിപ്പോകുന്നു. നായികയെ ആപാദചൂഡം വർണ്ണിക്കണമെന്നുള്ളതാണു കവിയുടെ ലക്ഷ്യം. അതോടുകൂടി വിഷയലമ്പടന്മാരായി കഴിഞ്ഞുകൂടുന്ന ചിലരെ പരിഹസിക്കണമെന്നുള്ളതും. പ്രസ്തുത കൃതിയുടെ മുഴുവൻ ഭാഗവും കിട്ടിക്കഴിഞ്ഞിട്ടില്ല. വൃത്തഗന്ധിയ ഗദ്യത്തിലാണു വർണ്ണന മുഴുവൻ കാണുന്നതു്. നായികാവർണ്ണനം മുൻഗാമികളെ അനുകരിച്ചാണു ചെയ്തിട്ടുള്ളതെങ്കിലും പ്രതിപാദന രീതിയിൽ ഒരു പുതുമ കലർത്തിയിട്ടുണ്ട്. ആദ്യത്തെ ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കാം:

ചെന്താമരമലർ ചേവടിയെൻറാൽ ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപ്പുറവിതളെൻറാൽ പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെൻറാൽ കേകിഗളങ്ങൾ പലാതികൾ കേഴും;
തൂമയണിത്തൂൺ തുടയുഗമെൻറാൽ തുടവിയ കതളി തുവർപിടിയാതോ?”

ചോകിരംഗ്രാമത്തിലെ ‘പൊയില’ത്തെ വർണ്ണിക്കുന്നതിൽനിന്നും ഏതാനും വരികൾകൂടി ഇവിടെ ഉദ്ധരിക്കാം:

“പുതുമലക്കാവിൽ വന്നെഴുമിളംകൊടികളും
കൊടികൾ പൂവിതളിൽ നിൻറുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും.”

ഇത്തരം വർണ്ണനകൾ എത്രകണ്ടു മനോഹരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. ”വരമ്പ് മൂടുമാറു നെൽത്തഴെച്ചെഴും പുലങ്ങളും മറ്റുമുള്ള ‘തോട്ടുവായ്പള്ളി’യുടെ വർണ്ണനവും അതീവ രമണീയമെന്നേ പറയേണ്ടൂ.