മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ഭക്തിഭാവം: ചമ്പുക്കളുടെ നിർമ്മാണം ചാക്യാന്മാരുടെ ആവശ്യത്തെ പുരസ്കരിച്ചുകൊണ്ടായിരുന്നാലും അല്ലെങ്കിലും യഥാവസരം ഭഗവൽഭക്തിയേയും സന്മാർഗ്ഗതത്ത്വങ്ങളേയും ഉപദേശിക്കുന്നതിൽ പ്രബന്ധകർത്താക്കൾ ബദ്ധശ്രദ്ധരാ യിക്കാണുന്നുണ്ട്. ആസന്നമരണനായ ബാലിക്കു ശ്രീരാമദേവൻ നല്കുന്ന ഒരു പ്രബോധനം നോക്കുക:
ഞാനെന്നും കാന്തയെന്നും പെരുകിന ധനമെന്നും മമാപത്യമെന്നും
കാണയ്യോ ഹന്ത, മോഹിച്ചനുദിനമുഴലാമെന്തതിൽ കാര്യമുളളൂ
പ്രാണൻ പോയാലിവറ്റാൽ കരുതുമളവിലൊന്നും തനിക്കമ്പിലാത്മ–
ത്രാണം ചെയ്യാനൊടുക്കത്തൊരുവനുമുതകാ കേളതോർക്കേണമേ നീ.
യഥാർത്ഥമായ ആത്മസംസ്കരണത്തിനു് ഇത്തരം പ്രബോധനങ്ങളാണല്ലൊ പ്രയോജനപ്പെടുക. ഇമ്മാതിരി ധർമ്മോപദേശങ്ങൾ ചമ്പൂകാവ്യങ്ങളിൽ സുലഭമായി കാണാവുന്നതാണു്.
ഭാഷ: ഈ വിശിഷ്ടകാവ്യങ്ങളിലെ ഭാഷാപ്രയോഗമാണു അധുനാതനന്മാരിൽ അധികംപേരുടേയും ലലാട സങ്കോചത്തിനു കാരണമായിത്തീർന്നിട്ടുള്ളത്. തനി സംസ്കൃതമായിട്ടുള്ള ഗദ്യപദ്യങ്ങൾതന്നെ ഈവക പ്രബന്ധങ്ങളിൽ ധാരാളമായിട്ടുണ്ട്. വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളും ദീർഘസമാസങ്ങളും നിറഞ്ഞുള്ള മണിപ്രവാളപദ്യങ്ങൾ അങ്ങനെ ഒരുവക. ഇവയെല്ലാം സംസ്കൃതാനഭിജ്ഞന്മാരായ കാവ്യരസികന്മാരെ ക്രമത്തിലധികം ക്ലേശിപ്പിക്കുമെന്നു പറയേണ്ടതില്ലല്ലൊ. ഭൂരിഭാഗവും നാളികേരപാകത്തിൽ നിർമ്മിതമായ ഈവക കൃതികളിൽ, ലളിതപദപ്രയോഗം വളരെ കുറഞ്ഞുപോയിട്ടുള്ളതു തന്നെയാണു് അവയുടെ രസാസ്വാദവിഷയത്തിൽ ഇന്നുള്ളവരെ വിഷമിപ്പിക്കുന്നത്. കാവ്യപ്രചാരത്തെ ലോപിപ്പിക്കുവാനുള്ള പ്രധാന കാരണവും അതുതന്നെ. സംസ്കൃതാഭിജ്ഞന്മാരായ പ്രബന്ധകർത്തക്കൾക്കു് ഏറ്റവും സ്വാധീനമായിരുന്നത് ആ ഭാഷയാകയാലാണു് ഇങ്ങനെ പക്ഷപാതം വന്നുകൂടിയതെന്നേ പറയുവാനുള്ള ഉചിതമായ വ്യാഖ്യാനങ്ങളോടുകൂടി ഈവക പ്രബന്ധങ്ങൾ പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയാൽ ഇന്നത്തേക്കാൾ പ്രചാരം സിദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. ഭാഷാനൈഷധ ചമ്പുവിനു പാട്ടത്തിൽ പത്മനാഭമേനോൻ ‘പ്രാഞ്ജലി’ എന്ന അതിവിസ്തൃതമായ ഒരു വ്യാഖ്യാനം എഴുതിചേർത്തിട്ടുണ്ട്. അത്രതന്നെ ദുഷ്കരമായ ശ്രമം ചെയ്തില്ലെങ്കിലും രാമായണാദിചമ്പുക്കൾക്കും അർത്ഥഗ്രഹണസഹായകമായ ചില വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതു സാമാന്യജനങ്ങൾക്കു പ്രയോജനകരമായിരിക്കും; അല്ലാത്തപക്ഷം, സംസ്കാരോല്ലീഢമതികളായ വിദ്വജ്ജനങ്ങൾക്കു മാത്രമേ ഇത്തരം കൃതികൾകൊണ്ട് ഏതെങ്കിലും ഉപയോജനമുണ്ടാകുവാൻ ഇടയുള്ളൂ. രാമായണ ചമ്പു മുഴുവൻ വ്യാഖ്യാനത്തോടുകൂടി കേരള സാഹിത്യ അക്കാദമിയിൽനിന്നു് ഈയിടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുത വിസ്മരിക്കുന്നില്ല.
ചമ്പുകാവ്യങ്ങളിലെ ഭാഷയെപ്പറ്റി ഒരു സഹൃദയൻ ഇങ്ങനെ പ്രസ്താവിക്കുന്നു: