പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

“ചമ്പുക്കളിലെ ഭാഷ, മാങ്ങാപ്പുളിശ്ശേരിയിലെ അണ്ടിപോലെ സംസ്കൃത പദബഹളത്തിനിടയ്ക്കു പേരിനു് ഒന്നോ രണ്ടോ ഭാഷാപദങ്ങൾ മാത്രം ചേർത്ത് ഘടിപ്പിച്ചിട്ടുള്ള ഒന്നാണ്. അതിനാൽ സംസ്കൃത വികലന്ർമാക്കു് ഇവ സ്വല്പം നാളികേരപാകമായി തോന്നുന്നതിൽ അതിശയിപ്പാനില്ല. പക്ഷേ, വിശേഷണവിശേഷ്യങ്ങളാൽ പദങ്ങളേയും സംസ്കൃത മലയാള വിഭക്ത്യന്തപദങ്ങളേയും പരസ്പരം സംഘടിപ്പിക്കുന്നതിൽ പ്രയോഗിക്കാറുള്ള കൗശലവിശേഷത്താൽ ആപാദചൂഡം സ്ഫുരിക്കുന്ന ദ്രാക്ഷാപാകംവരുത്തി ചമ്പുക്കൾ മരത്തലയന്മാരെക്കൂടി രസിപ്പിക്കാറുണ്ട്.” ഈ അഭിപ്രായം അക്ഷരംപ്രതി ശരിയാണെന്നു് ചമ്പുകാവ്യങ്ങളിൽ പരിചയിച്ചിട്ടുള്ളവർ തലകുലുക്കി സമ്മതിക്കുന്നതാണു്.

പാലാഴിത്തയ്യലാൾതൻ തിരുനയനകലാലോല ലോലംബമാലാ-
ലീലാരംഗം ഭുജംഗേശ്വരമണിശയനേ തോയരാശൗ ശയാനം
മേലേ മേലേ തൊഴുന്നേൻ ജഗദുഭയപരിത്രാണ സംഹാരദീക്ഷാ-
ലോലാത്മാനം പദാന്തപ്രണതസകലദേവാസുരം വാസുദേവം. (നാരായണീയം)

ഓമൽപ്പാദാംബുജം തൊട്ടണികുഴലൊടുമൻപോടു പൂമേനി മൂടി-
ക്കോമപ്പട്ടാംബരം കൊണ്ടണിമണിമുകുരം കയ്പിടിച്ചുൽപലാക്ഷീ
ശ്രീമന്മഞ്ജീരമഞ്ജുക്വണിതമിയലവേ കോമളാഭ്യാം പദാഭ്യാ-
മാമന്ദം നീയമാനാ ചതുരസഖികളാൽ പ്രാപ കല്യാണരംഗം. (ഭാരതം)

ഇത്യാദി പദ്യങ്ങളിലെ ശബ്ദഭംഗി ഒന്നുതന്നെ ഏതൊരു പടുപാമരനെപ്പോലും രസിപ്പിക്കയില്ല? ചമ്പൂകാവ്യങ്ങളിലെ പ്രാസപ്രചുരവും സംഗീതാത്മകവുമായ ഗദ്യഘടനയും ശ്രോതാക്കളെ ആകർഷിക്കുവാൻ തികച്ചും പര്യാപ്തമാണു്.