മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
കവിയും കാലവും: ശിവവിലാസകർത്താവായ ദാമോദരച്ചാക്യാരുടെ കൃതിയാണു് ഉണ്ണിയാടീചരിതം. ഉണ്ണുനീലി സന്ദേശത്തിൻ്റെ കാലത്തു് കായങ്കുളം (ഓടനാട്) ഭരിച്ചിരുന്നത്, വൃദ്ധനായ ഇരവിരവിവർമ്മ എന്ന ഒരു രാജാവായിരുന്നു. അദ്ദേഹത്തിൻ്റെ കാലശേഷം ഭാഗിനേയനായ ഇരവികേരളവർമ്മയാണു ഓടനാട് ഭരിച്ചത്. (പ്രസ്തുത കേരളവർമ്മയുടേയും, അദ്ദേഹത്തിൻ്റെ പ്രിയതമയും കണ്ടിയൂർക്ഷേത്രത്തിലെ നർത്തകിയുമായ ചെറുകര കുട്ടത്തിയുടേയും, പുത്രിയായ ഉണ്ണിയാടിയുടെ വിവാഹമാണു ശിവവിലാസത്തിൽ വർണ്ണിക്കുന്നതു്.) കേരളവർമ്മയുടെ സദസ്യനായിരുന്നു ഈ ദാമോദരച്ചാക്യാർ. അതിനാൽ ഉണ്ണിയാടീചരിതത്തിൻ്റെ നിമ്മാണം 14-ാംനൂറ്റാണ്ടിൻ്റെ അവസാനമായിരിക്കണമെന്നു മഹാകവി ഉളളൂർ അഭിപ്രായപ്പെടുന്നതിൽ ഭിന്നാഭിപ്രായത്തിനും അവകാശമില്ലാത്തതാണു’.
കഥാവസ്തു:
മട്ടോലും മൊഴിമാതുണ്ണിക്കുട്ടത്തിക്കു കുലശ്രിയം
കണ്ണിന്നമൃതമാം മാനേൽക്കണ്ണിയാമുണ്ണിയാടിയെ
വർണ്ണിക്കുകയാണ് മുഖ്യമായി ഇതിൽ ചെയ്തിട്ടുള്ളത്. ഒരു ശരല്ക്കാല രാത്രിയിൽ ചന്ദ്രൻ ആകാശവീഥിയിൽ സ്വൈരവിഹാരം ചെയ്യവേ ഭൂലോകത്തുനിന്നുയർന്ന ഹൃദയഹാരിയായ ഒരു ഗീതം കേട്ട് അതാരുടേതെന്നും അറിഞ്ഞുവരുവാൻ സുവാകൻ, മതിദീപൻ എന്ന രണ്ടു ഗന്ധർവ്വന്മാരെ നിയോഗിക്കുന്നു. അവർ അഞ്ചുദിവസം തിരക്കി തിരിച്ചുചെന്നു തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ചന്ദ്രനെ വർണ്ണിച്ചു കേൾപ്പിക്കയും ചെയ്യുന്നു. സുവാകനാണു് ഇവിടെ വക്താവായി നിലകൊള്ളുന്നതെന്ന വസ്തുത പ്രസ്താവയോഗ്യമാണു്.
കവിത: അപ്സരസംഭവകളായിട്ടാണല്ലോ നൽകിമാരെ വർണ്ണിക്കാറുള്ളതു്. ഉണ്ണിയാടിയേയും ആ വിധത്തിൽ അവതരിപ്പിക്കുവാൻവേണ്ടി അപ്സരസുകളുടേയും ഗന്ധർവന്മാരുടേയും പരമ്പരയെ സവിസ്തരം വർണ്ണിക്കുന്നു. പ്രസ്തുത ഭാഗം കുറെയൊക്കെ സഹൃദയന്മാർക്കു നീരസജനകമായി തോന്നുമായിരിക്കും. എന്നാൽ ഇതരവർണ്ണനകൾ അതീവ ഹൃദ്യങ്ങളാണു്. ഗന്ധർവ്വന്മാർ കണ്ട ഭൂലോകം, കേരളം, മഹോദയപുരം, കണ്ടിയൂർ തുടങ്ങിയവയുടെ വർണ്ണനകൾ കാവ്യഗുണം കൊണ്ടും ചരിത്രസ്ഫുരണംകൊണ്ടും സഹൃദയന്മാരെയും ചരിത്രകാരന്മാരെയും ഒന്നുപോലെ ആകർഷിക്കുവാൻ പര്യാപ്തമാണു്.