പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

നളിനമകൾ കടക്കൺ ചാരുലീലായിതാനാം
തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടി
ഇളമുലയിണ ചീർത്തൊട്ടാകുലാ ലോലമദ്ധ്യം
തളിരൊളിപെടുമംഗം താവകം വെൽവുതാക.

ഇതു് ചാക്യാർ, ക്ഷേത്രത്തിലിരുന്നു് ഉണ്ണിയാടിയെ പുകഴ്ത്തുന്ന ഒരു പദ്യമാണു്. ഇതു കേട്ടാണു് ഗന്ധർവന്മാർ ‘ലോകലോചന ചകോരചന്ദ്രിക’യായ ഉണ്ണിയാടിയെപ്പറ്റി അറിയുവാൻ ചാക്യാരെ സമീപിക്കുന്നത്. ഈയവസരത്തിൽ ഉണ്ണിയാടിയേയും കുടുംബത്തേയും കവി വർണ്ണിക്കുവാൻ തുടങ്ങുന്നു. ചെറുകര ഉണ്ണിക്കുട്ടത്തി പെറ്റ ഉണ്ണിയാടിയെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:

ഒരിന്ദുബിംബം വദനം കൃശാങ്ങ്ഗ്യാഃ
മരന്ദധാരാമൊഴി കിം പ്രലാപൈഃ?
ഹരൻതനിക്കും ധൃതി സാരമച്ചോ!
ഹരന്തി ഗാത്രങ്ങളൊരോൻ്റ മുഷ്യാഃ.

പരമപ്രഥിതം മനോഹരാങ്ഗി-
ക്കൊരു പേരഞ്ചിതമുണ്ണിയാടിയെൻറു്;
തിരളിൻ്റെതു മറ്റുമൊൻറി ദാനീം
തിരുനാമം ഭൂവി മാരമാലയെൻറും.

ദാമോദരച്ചാക്യാരും ഗന്ധർവ്വന്മാരും കൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തുമ്പോൾ ആ ഗൃഹത്തിൻ്റെ ഓരോ കഷ്യയിലും കാണുന്ന കാഴ്ച അതിസരസമായി വർണ്ണിക്കുന്നു. കവിയുടെ ഫലിതവും പരിഹാസവും ഈ ഭാഗങ്ങളിൽ വഴിഞ്ഞൊഴുകുന്നതു വായിച്ചറിയേണ്ടതുതന്നെയാണു്. തുടർന്നുള്ള നായികയുടെ കേശാദിപാദ വർണ്ണനയുടെ അവസാനഭാഗം ഇനിയും ലഭിച്ചുകഴിഞ്ഞിട്ടില്ല.