പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പ്രധാന ചമ്പുക്കൾ: 14 -ാം നൂറ്റാണ്ടിൻ്റെ ആരംഭംമുതൽ 16-ാം നൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധം വരെയുള്ള കാലഘട്ടത്തിലാണു് ഭാഷയിൽ ചമ്പൂകാവ്യങ്ങളുടെ ഉൽപത്തിയും അഭിവൃദ്ധിയും ഉണ്ടായിട്ടുള്ളത്. ഈ കാലഘട്ടത്തിലെ ചമ്പുക്കളുടെ സംഖ്യ ഉദ്ദേശം മുന്നൂറിനു മേലുണ്ടായിരിക്കണമെന്നു ഡോക്ടർ കൊളത്തേരി ശങ്കരമേനോൻ അഭിപ്രായപ്പെട്ടുകാണുന്നു. * (പാരിജാതഹരണം ചമ്പു, അവതാരിക.) കുറെ അതിശയോക്തി കലർന്നതായിരിക്കാം ഈ അഭിപ്രായമെങ്കിലും ചമ്പുകാവ്യങ്ങളുടെ വളർച്ചയും വൈപുല്യവും പ്രസ്തുത കാലഘട്ടത്തിലായിരുന്നു എന്നുള്ളതിൽ ആർക്കും സന്ദേഹത്തിനവകാശമില്ല. മണിപ്രവാളത്തിൻ്റെ സുവർണ്ണദശ എന്നു പറയാവുന്നതും ഈ ചമ്പൂകാവ്യകാലം തന്നെയായിരുന്നു. അവയിൽ 14-ാം നൂറ്റാണ്ടിൽ നിർമ്മിതമായ മൂന്നു കൃതികളെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു. തദനന്തരമുത്ഭവിച്ചിട്ടുള്ളതും ചമ്പൂശാഖയിൽ ഏതുകൊണ്ടും അഗ്രപൂജയെ അർഹിക്കുന്നതുമായ രണ്ടു പ്രമുഖകൃതികളാണ് പുനം നമ്പൂതിരിയുടെ രാമായണവും, മഴമംഗലത്തിൻ്റെ നൈഷധവും. പഴയ മണിപ്രവാള സാഹിത്യത്തിലെ ഏറ്റവും അനർഘങ്ങളും തേജോമയങ്ങളുമായ സമ്പത്തുകളാണവ എന്നുകൂടി പറയാവുന്നതാണ്.

രാമായണചമ്പു: ഇത്രയും ബൃഹത്തായ ഒരു ചമ്പുകാവ്യം ഭാഷയിൽ മറ്റൊന്നില്ലതന്നെ. രാവണോത്ഭവം മുതൽ ശ്രീരാമാദികളുടെ സ്വർഗ്ഗാരോഹണംവരെയുള്ള കഥയെ ഇരുപതു ഭാഗങ്ങളായി വിഭജിച്ച് ഈ മഹാപ്രബന്ധത്തിൽ നിബന്ധിച്ചിരിക്കുന്നു. രണ്ടായിരത്തിലധികം പദ്യങ്ങളും, ദണ്ഡകങ്ങൾ ഉൾപ്പെടെ നൂറ്റിയൻപതിലധികം ഗദ്യങ്ങളും, പ്രസ്തുത പ്രബന്ധത്തിൽ അടങ്ങിയിട്ടുണ്ട്. വലിപ്പംകൊണ്ടു മാത്രമല്ല, വൈവിദ്ധ്യവൈചിത്ര്യാദി വർണ്ണനാപൂർണ്ണതകൊണ്ടും ഇതിനു മഹത്വമേറുന്നു. പൂർവ്വഗാമികളായ ചമ്പുകാരന്മാർ പ്രമദാപ്രശംസകൾക്കും, ദേശാദിവർണ്ണനകൾക്കുമാണ് സ്വകാവ്യങ്ങളിൽ പ്രാധാന്യം കല്പിച്ചുപോന്നത്. ആ മാർ​ഗ്​ഗത്തിൽ നിന്നും അല്പം ഭിന്നമായി രാമായണചമ്പുകർത്താവ് ഒരു പുതിയ പഥത്തിലേക്കു തിരിയുന്നു. പുരാണേതിഹാസങ്ങളെ ഇതിവൃത്തങ്ങളായി സ്വീകരിച്ചു, ഈ പ്രസ്ഥാനത്തിൽ ഭാഷയിൽ ആദ്യമായി രചിച്ച കൃതിയാണ് രാമായണചമ്പു. ഈ മഹാപ്രബന്ധം മുഴുവൻ, തിരുവിതാംകൂർ ശ്രീമൂലഗ്രന്ഥാവലിയിൽനിന്നു ഗവേഷകവര്യനായ കൊളത്തേരി ശങ്കരമേനോൻ 1926-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു. കൊച്ചി ഭാഷാപരിഷ്കരണക്കമ്മറ്റിയിൽനിന്നും ആയിടയ്ക്കുതന്നെ പ്രസ്തുത കൃതിയുടെ ഏതാനും ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. ഈയിടെ 1967-ൽ കേരള സാഹിത്യഅക്കാദമി പ്രസ്തുത കൃതി സമ്പൂർണ്ണമായി ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അവതാരികയോടും വി. വെങ്കിട്ടരാമശർമ്മയുടെ വ്യാഖ്യാനത്തോടും കൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.