മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
പുനത്തിൻ്റെ കാലം: രാമായണചമ്പുകർത്താവായ ഈ മഹാകവിയുടെ ജീവിതകാലം ഇനിയും വിവാദരഹിതം നിർണ്ണയിച്ചുകഴിഞ്ഞിട്ടില്ല. പുനം, ഉദ്ദണ്ഡൻ, ശങ്കരകവി, ചേന്നാസ്സുനമ്പൂതിരി എന്നിവരെ സംബന്ധിച്ച് ഒട്ടുവളരെ ഐതിഹ്യങ്ങൾ സാഹിത്യലോകത്തിൽ പ്രസിദ്ധങ്ങളായിട്ടുണ്ട്. പാരദേശികനായ ഉദ്ദണ്ഡശാസ്ത്രികൾ,
പലായദ്ധ്വം പലാനദ്ധ്വം രേരേ! ദുഷ്കവികുഞ്ജരഃ
വേദാന്തവനസഞ്ചാരീ ഹായാത്യുദ്ദണ്ഡകേസരി.
എന്നുള്ള ഗർജ്ജനത്തൊടുകൂടിയാണല്ലോ കേരളത്തിലേക്കു കടന്നുവന്നതു്. അദ്ദേഹത്തെ സാമൂതിരിപ്പാട്ടിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയതു്,
പ്രക്രീഡൽ കാർത്തവീര്യാർജുനഭുജവിധൃതോന്മുക്തസോമോത്ഭവാംഭ-
സ്സംഭാരാഭോഗഡ ഭപ്രശമനപടുവാഗ് ഗുംഫഗംഭീരിമശ്രീ
തുണ്ഡീരക്ഷോണീദേശാത്തവഖലുവിഷയേ ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയം തേ വിക്രമക്ഷ്മാവര, ന കിമുഗത ശ്രോത്രിയശ്രോത്രദേശം.
എന്നുള്ള പദ്യത്താൽ ചേന്നാസ്സുനമ്പൂരിപ്പാടാണത്രെ ഉത്തരക്ഷണത്തിൽത്തന്നെ ഉദ്ദണ്ഡൻ സാമൂതിരിയെ പ്രശംസിച്ചു് ഒരു ശ്ലോകം നിർമ്മിച്ചു ചൊല്ലി അടിയറ വയ്ക്കുകയും, സാമൂതിരി അത്യന്തം സന്തുഷ്ടനായിത്തീരുകയും ചെയ്തു. ശാസ്ത്രി അടിയറവച്ച ശ്ലോകം ഇതാണ്:
ഉദ്ദണ്ഡഃ പരദണ്ഡഭൈരവ! ഭവദ്യാത്രാസു ജൈത്രശ്രിയോ-
ഹേതുഃ കേതുരതീത്യ സൂര്യസരണിം ഗച്ഛൻ നിവാര്യസ്ത്വയാ
നോചേൽ തൽപടസമ്പു ടോദരമിളച്ഛർദ്ദൂലമുദ്രാദ്രവ-
ത്സാരംഗം ശശിബിംബമേഷ്യതി തുലാം ത്വൽ പ്രേയസിനാം മുഖൈഃ