പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

‘ഉദ്ദണ്ഡകേസരി’യുടെ ഈ ശ്ലോകത്തിൻ്റെ ആശയസ്വാരസ്യത്താൽ അതിമാത്രം സന്തുഷ്ടനായിത്തീർന്ന സാമുതിരി അന്നുമുതൽ ശാസ്ത്രിയെ തൻ്റെ സദസ്യനായി സ്വീകരിക്കുകയും ചെയ്തുപോൽ. കേതുവിശേഷണമായ ഉദ്ദണ്ഡശബ്ദം സദസ്യർക്കു വളരെ രസിക്കുകയാൽ ഭട്ടരംഗനാഥപ്രിയനന്ദനനായ ശാസ്ത്രിക്കു് അന്നുമുതൽ ഉദ്ദണ്ഡൻ എന്നുള്ള പേർ പ്രസിദ്ധമായിത്തീരുകയും ചെയ്തു. ഭാഷാകവിതയേയും ഭാഷാകവികളേയും കുറിച്ചു വളരെ പുച്ഛമായിരുന്ന ഈ ശാസ്ത്രികൾ പരിഹാസമായി ഒരിക്കൽ,

ഭാഷാകവിനിവഹോയം ദോഷാകരവദ്വീഭാതി ഭൂവനതലേ
പ്രായേണ വൃത്തഹീനഃ സൂര്യാലോകേ നിരസ്ത ഗോപ്രസരഃ

എന്ന ശ്ലോകം ‘പതിനെട്ടരക്കവിയോഗ’ത്തിൽവെച്ചു തട്ടിവിട്ടു. ആ കവിസമാജത്തിൽ ‘അക്കവി’മാത്രമായിരുന്ന പുനം നമ്പൂരി ആ യോഗത്തിൽവെച്ചുതന്നെ താഴെപ്പറയുന്ന ശ്ലോകംചൊല്ലി സാമൂതിരിപ്പാട്ടിലേക്ക് അടിയറവയ്ക്കുകയുണ്ടായി.

താരിൽത്തന്വീകടാക്ഷാഞ്ചലമധുപകലാരാമ! രാമാജനാനാം
നീരിൽത്താർബ്ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നിയ്യാംതൊടുകുറി കളയായ്കെന്നുമേഷാ കുളിക്കു-
ന്നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്പാന്തതോയേ.