പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ഈ ശ്ലോകം കേട്ടുകൊണ്ടിരുന്ന ഉദ്ദണ്ഡനും അതിലെ ‘ഹന്ത’പദപ്രയോഗം ഏറെ രസിക്കുകയാൽ ‘അന്ത ഹന്തയ്ക്കിന്തപ്പട്ട്’ എന്നു പറഞ്ഞു് തനിക്ക് അന്നു സദസ്സിൽ നിന്നു കിട്ടിയ പട്ടാംബരവും പണക്കിഴിയും പുനത്തിനു സമ്മാനമായിക്കൊടുക്കുകയും ചെയ്തുവത്രെ. അത്രതന്നെയുമല്ല,

അധി കേരളമഗ്ര്യഗിരഃ കവയഃ കവയന്തു വയന്തു ന താൻ വിനുമഃ
പുളകോദ്ഗമകാരി വചഃ പ്രസരം പുനമേവ പുനഃ പുനരാസ്തുമഹേ

എന്ന പ്രശംസാപദ്യത്താൽ ഉദ്ദണ്ഡൻ പുനത്തെ അത്യധികം അഭിനന്ദിക്കുകയും ചെയ്തുവെന്നുമാണു പ്രസിദ്ധമായ ഒരൈതിഹ്യം. ഇത്തരം ഐതിഹ്യങ്ങൾ വേറെയും അനേകമുണ്ട്. ഇവയെല്ലാം തീരെ നിരാസ്പദങ്ങളായിരിക്കുകയില്ലല്ലോ. ഇവയെ ആധാരമാക്കുന്നപക്ഷം മേല്പറഞ്ഞവർ ഏവരും സമകാലികന്മാരും, പുനം കൊല്ലവർഷം 600-നും 700-നും ഇടയ്ക്കു ജീവിച്ചിരുന്നയാളും ആയിരുന്നുവെന്നു് ഊഹിക്കാവുന്നതാണു്. എന്തെന്നാൽ തന്ത്രസമുച്ചയകർത്താവായ ചേന്നാസ്സുനമ്പൂരിയുടെ കാലം, 604-ാമാണ്ടാണെന്നു പ്രകൃതഗ്രന്ഥംവഴി നിർണ്ണയിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിൻ്റെ സമകാലികനായ പുനത്തിൻ്റെ ജീവിതകാലവും അതിൽനിന്നും അധികം ഭിന്നമായിരിക്കാൻ ഇടയില്ലാത്തതാണല്ലോ.