പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കവിത: ലീലാതിലകത്തിൽ പറയുന്ന മണിപ്രവാളഭാഷയുടെ അരങ്ങേറ്റം മുഴുവൻ, രാമായണചമ്പുവിൽ കാണാം. എങ്കിലും പ്രൗഢമണിപ്രവാളവും ലളിത മണിപ്രവാളവുമാണ് ഏറിയ ഭാഗവും. ‘മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേളന’ത്തോടൊപ്പം, സങ്കല്പമനോഹരങ്ങളായ വർണ്ണനകളും, മൃദുലങ്ങളായ മനോഭാവ സ്ഫുരണങ്ങളും സഹൃദയന്മാരെ അത്ഭുതഭരിതരാക്കുന്നു. രസപുഷ്ടിയിൽ പുനം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ലക്ഷ്മണൻ സീതയെ കാട്ടിലേക്കു കൊണ്ടുപോകുന്നതും, അനന്യശരണയായ സീത വിലപിക്കുന്നതും മറ്റുമായ രംഗങ്ങൾ ഏതു ശിലാഹൃദയത്തേയും അലിയിക്കുന്നവയാണു്. വാല്മീകിയെയാണ് കഥാവസ്തുവിൽ കവി അനുകരിക്കുന്നതെങ്കിലും നൂതനങ്ങളും മനോധർമ്മമയങ്ങളുമായ വർണ്ണനകൾകൊണ്ടു രാമായണചമ്പു ഒരു സ്വതന്ത്രസൃഷ്ടി തന്നെയായിത്തീർന്നിട്ടുണ്ട്. ”ചമ്പൂരാമായണത്തിലെ കഥാവസ്തു വാല്മീകിരാമായണത്തിലുള്ളപ്രകാരമാണെങ്കിലും പുനം നമ്പൂരി രാമായണം കഥയെ പ്രതിപാദിക്കുന്ന എല്ലാ സംസ്കൃതഗ്രന്ഥങ്ങളേയും നല്ലവണ്ണം വായിച്ചുനോക്കി അവയിലെ ആശയങ്ങളെ സ്വായത്തമാക്കി മനോധർമ്മം കൊണ്ടു രൂപാന്തരപ്പെടുത്തി സരസവും ഹൃദ്യവുമായ ഒരു പന്ഥാവിൽക്കൂടി അവതരിപ്പിച്ചു കഥാപാത്രങ്ങളെയും മറ്റും നമുക്കു് അക്ഷിഗോചരമാക്കിത്തീർക്കുന്നു. ” * (ഭാഷാരാമായണചമ്പു, അവതാരിക, പേജ് 33.)

‘ഗദ്യപദ്യോഭയമയം ചമ്പൂരിത്യഭിധീയതേ’ എന്ന സാഹിത്യശാസ്ത്രവചനം ഈ ഗ്രന്ഥത്തിൽ തികച്ചും പൂർണ്ണമായിരിക്കുന്നു. വർണ്ണനകൾ മിക്കവാറും വൃത്തഗന്ധികളായ ഗദ്യങ്ങൾകൊണ്ടാണു നിർവ്വഹിച്ചിട്ടുള്ളതു്. ദണ്ഡകങ്ങളും കുറവല്ല. ഗദ്യപദ്യങ്ങളിൽ പാതിയും സംസ്കൃതമയമാണെന്നുതന്നെ പറയാം. മലയാളത്തിലും സംസ്കൃതത്തിലും ഒന്നുപോലെ ഗദ്യപദ്യങ്ങളെഴുതുവാൻ പുനം ശക്തനായിരുന്നുവെന്നു പ്രസ്തുത ഭാഗങ്ങൾ തെളിയിക്കുന്നു. ഫലിതവും പരിഹാസവും പലേടത്തും വഴിഞ്ഞൊഴുകുകയാണു്. നമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടെ ബീജം പുനത്തിൻ്റെ ഗദ്യപദ്യങ്ങളിൽനിന്നാണു് അദ്ദേഹം സമ്പാദിച്ചിട്ടുള്ളതെന്നു കരുതുന്നതിൽ തെററില്ല. അംഗുലീയാങ്കത്തിൽ അപത്യനാശം കൊണ്ടു വായുഭഗവാൻ അടങ്ങി ഒതുങ്ങി ഇരുന്നതോടെ ത്രിലോകങ്ങളിലും ഉണ്ടായ അവസ്ഥാന്തരങ്ങളെ വർണ്ണിച്ചിട്ടുള്ളതും ധ്രുവചരിതത്തിൽ വായുസ്തംഭനം മൂലം ഭൂമുഖത്തുണ്ടായ സ്ഥിതിവിശേഷങ്ങളെ ചിത്രീകരിച്ചിട്ടുള്ളതും പരസ്പരം തട്ടിച്ചുനോക്കിയാൽ ഈ വസ്തുത നല്ലപോലെ വ്യക്തമാകുന്നതാണ്. ഇതുപോലെ മറ്റു കവികൾക്കും രാമായണചമ്പു പലവിധത്തിലും ഉപജീവ്യമായിത്തീർന്നിട്ടുണ്ട്.