പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പലതരം കാവ്യങ്ങൾ – ആട്ടപ്രകാരം: കൂടിയാട്ടത്തേയും തോലനേയും പറ്റി രണ്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സംവരണം, ധനഞ്ജയം തുടങ്ങിയ ചില നാടകങ്ങളാണു് കൂടിയാട്ടത്തിൽ അഭിനയിക്കുക പതിവു്. ഈ പ്രസ്ഥാനത്തിനു് അഭിവൃദ്ധി വന്നതോടുകൂടി അതിൻ്റെ അഭിനയക്രമം, വേഷ വിധാനം മുതലായവയെ വ്യവസ്ഥപ്പെടുത്തുന്ന ചില ഗ്രന്ഥങ്ങളും ഉണ്ടായിത്തുടങ്ങി.* (കൊച്ചി കേരളവർമ്മ അമ്മാവൻതമ്പുരാൻ്റെ ‘കൂത്തും കൂടിയാട്ടവും’, കെ. പി. നാരായണപ്പിഷാരോടിയുടെ ‘കൂടിയാട്ടം’ എന്നീ കൃതികൾ നോക്കുക). ഇവയ്ക്ക് ആട്ടപ്രകാരം, ക്രമദീപിക എന്നു പേരുകൾ കല്പിച്ചിരിക്കുന്നു. ഓരോ കൂടിയാട്ടത്തിനും പ്രത്യേകം പ്രത്യേകം ആട്ടപ്രകാരവും ക്രമദീപികയും രചിച്ചിട്ടുണ്ടെന്നാണറിവ്. പ്രസ്തുത കൃതികളിൽ അധികമെണ്ണത്തിൻ്റെയും കാർത്താവ് തോലനാണെന്നു വിശ്വസിച്ചുപോരുന്നു. കൊല്ലവർഷാരംഭത്തിൽ മഹോദയപുരം വാണിരുന്ന കുലശേഖരചക്രവർത്തിയായ ഭാസ്കരരവിവർമ്മയുടെ നിർദ്ദേശമനുസരിച്ചാണു് കൂടിയാട്ടത്തിനു തോലൻ ഈ നവീകരണം വരുത്തിയതെന്നും പറയപ്പെടുന്നു. ഏതായാലും കൂടിയാട്ടത്തിൽ വിദൂഷകനു പ്രതിശ്ലോകങ്ങളും ഫലിതങ്ങളും മലയാളഭാഷയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ആ നാടകപ്രസ്ഥാനത്തിൻ്റെ ജനകീയതയ്ക്ക് ഹേതുവായിത്തീർന്നു എന്നുള്ളതു നിരാക്ഷേപമാണു്.