മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ഈ കാവ്യവിഷയത്തെ അഞ്ചു ഭാഗമായി തിരിച്ചു വർണ്ണിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ, നായികാമാതൃവർണ്ണനയാണു മുഖ്യം. നായികയായ മേദനീവെണ്ണിലാവിൻ്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, യൗവനാരംഭം തുടങ്ങിയ വിഷയങ്ങളത്രെ. രണ്ടാം ഭാഗത്തിൽ വർണ്ണിച്ചിട്ടുള്ളത്. ശ്രീമംഗലഭവനം, സ്ത്രീസമാജം മുതലായ കാര്യങ്ങൾ മൂന്നാംഭാഗത്തിലും, ശരൽക്കാലം, വിവിധതരക്കാരായ സ്ത്രീപുരുഷന്മാരുടെ ചന്ദ്രോത്സവത്തിനുള്ള വരവ് എന്നിവ നാലാംഭാഗത്തിലും വർണ്ണിച്ചിരിക്കുന്നു. നാനാപ്രകാരേണയുള്ള സദസ്യർ, അവസാന ദിവസത്തെ സന്ധ്യ എന്നിവയുടെ വർണ്ണനമാണ് അഞ്ചാംഭാഗത്തിലുള്ളതു്.
ക്ലാസിക്ക് കവികൾക്കു സഹജമായുള്ള കല്പനാശക്തി, വർണ്ണനാവൈഭവം അവലോകനപാടവം തുടങ്ങിയ പലതും പ്രസ്തുത കൃതിയിൽ പ്രശംസാഹമായ വിധത്തിൽ പ്രശോഭിക്കുന്നു. ഒന്നുരണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം:
ചരമശിഖരിപീഠേ പാടലം നാളികേരം
ദ്യുമണിവലയരൂപം വെച്ചവിച്ഛിന്നധാരം
ജഗതി കരുതി തർപ്പിച്ചീടിനാൻ ചൂടൊഴിപ്പാ–
നഖിലഭുവനഭാജാമന്തിയാം മന്ത്രവാദീ. (55)
തദനു തപനബിംബം പാതി മുങ്ങുന്നനേരം
പര,മപരസമുദ്ര വിദ്രുമാഭം വിളങ്ങി
കനകകലശമിന്ദോരുത്സവേ സൽക്കരിപ്പാ–
നുപഹൃതമിവ ലക്ഷ്മ്യാ മേദിനീചന്ദ്രികായാഃ (56)
അരുണജലദമാലാവാസസാലംകൃതാംഗീ,
തിമിരചികുരരാജത്താരപുഷ്പാഭിരാമാ,
നളിനമുകുളമെന്നും പോരിളം കൊങ്കയുംകൊ–
ണ്ടലമകരുത സന്ധ്യാശീതഭാനോസ്സപര്യാം. (57)
അഞ്ചാംദിവസത്തെ സന്ധ്യാവർണ്ണനത്തിലെ ഒരു ഭാഗമാണിത്. ഉത്സവരീതിക്കനുസൃതമായ ഈ വർണ്ണന എത്രകണ്ട് ആലോചനാമൃതമാണെന്നു പറയേണ്ടതില്ലല്ലൊ. മൂന്നാംഭാഗം അനേകം സുഭാഷിതരത്നങ്ങളെക്കൊണ്ടു സമലംകൃതമായിത്തീർന്നിരിക്കുന്നു.