പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ഇതിന്നു സാധിപ്പതിതിന്നസാദ്ധ്യം
പ്രയത്ന സാദ്ധ്യം പുനരേതദേവം
വിചാര്യകാര്യം തുടരുന്നതാകി–
ലസാദ്ധ്യമെന്നുള്ളതു ശബ്ദമാത്രം (3-46)

ഭാഗ്യാങ്കുരക്കൂമ്പുമുയർത്തി മോഹ–
പ്പായ് ചേർത്തൊരുത്സാഹസമീരയോഗേ
വിവേകമെന്നും വളർകപ്പലേറി–
കാര്യാംബുരാശൗ പെരുമാറവേണം. (3-52)

ഞാനാരിതെന്താരിതിനാപ്തബന്ധു-
രെന്തേ ഫലം കിം മമ കാലമേത്?
മാറ്റാരുമാരെന്നറിയുന്ന കാര്യം
കർത്താ ഹി ഭൂമണ്ഡലചക്രവർത്തി. (3-58)

ഉത്സാഹമൂലം നയസാരപുഷ്പം
കാര്യഭ്രമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്ത നാളിൽ
വരണ്ടുപോം വേരൊടുകൂടെ നൂനം. (3-59)

ഒന്നിന്നു ബന്ധുഃ പരിപന്ഥി ലോകേ
മറ്റൊന്നിനന്നേ പരിപന്ഥി ബന്ധുഃ
ആശ്ചര്യമീ ശാത്രാവബാന്ധവാദി
വികാരമോരോ നിനവിൻവിലാസാൽ. (3-70)

ഇതുപോലെ ചിന്താസുന്ദരങ്ങളായ പദ്യങ്ങൾ പലതും ഇതിൽ വേറെയുമുണ്ട്. 4-ാംസർഗ്ഗത്തിൽ ചന്ദ്രോത്സവത്തിനു വന്നുചേരുന്ന സുന്ദരിമാരുടേയും പുരുഷവർ​ഗ്​ഗത്തിൻ്റേയും എഴുന്നള്ളത്തു വർണ്ണിക്കുന്ന ഭാഗത്തു്, കവിയുടെ ഫലിതവും പരിഹാസവും വഴിഞ്ഞൊഴുകുകയാണു.