മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ശബ്ദാർത്ഥങ്ങളുടെ സമഞ്ജസമായ സമ്മേളനം എന്ന ഗുണവിശേഷംകൊണ്ട് ചന്ദ്രോത്സവം മദ്ധ്യഘട്ടത്തിലെ മണിപ്രവാളകൃതികളിൽ അത്യുന്നതസ്ഥാനമലങ്കരിക്കുന്നു. എന്നാൽ ഈ കൃതിക്ക് അതർഹിക്കുന്നിടത്തോളം പ്രാധാന്യം സിദ്ധിച്ചിട്ടില്ലെന്നു സമ്മതിച്ചേതീരൂ.
വേശാംഗനാവൃത്തിരിയം വിശുദ്ധാ
വിരാജതേ സംപ്രതി കേരളേഷു (3-76)
എന്നും മറ്റും ശ്രീമംഗലം കൊട്ടാരത്തിൻ്റെ മന്ത്രശാലയിൽ ചേർന്ന മഹിളാസമ്മേളനത്തിൽ, കനകാവലി മുതലായ ‘മഹനീയശീല’കളെക്കൊണ്ടു പ്രസംഗിപ്പിച്ചിട്ടുള്ള കവി, അത്തരം അനാശാസ്യങ്ങളും അപഹാസ്യങ്ങളുമായ വൃത്തികളെ ഇതിൽ അധികമായി പ്രതിഫലിപ്പിക്കാൻ ശ്രമിച്ചതുതന്നെയായിരിക്കണം, ഇതിൻ്റെ പ്രചാരക്കുറവിനും, ആധുനികരുടെ അനാസ്ഥയ്ക്കും മുഖ്യമായ കാരണമെന്നു തോന്നുന്നു.
കേരളത്തിലെ സമുദായജീവിതത്തിൻ്റെ ശരിയായ പ്രതിഫലനമല്ല, ചന്ദ്രോത്സവത്തിൽ കാണുന്നതെന്നുള്ള പണ്ഡിതാഭിപ്രായം ഏറെക്കുറെ സ്വീകാര്യമാണ്. എന്നാൽ അന്നു് പ്രാഭവംകൊണ്ടും അധികാരം കൊണ്ടും മുൻപന്തിയിലെത്തിയ നമ്പൂതിരിമാരും, അവരുടെ സ്വാധീനത്തിൽ തഴച്ചുവളർന്ന പ്രഭുവർഗ്ഗവും ഭോഗലാലസരായിത്തീർന്നു ധാർമ്മികമായി അധഃപതിച്ചു തുടങ്ങിയതിൻ്റെ അതിശായോക്തി കലർന്ന ഒരു ചിത്രമാണ്, പരിഹാസചതുരനായ കവി, ഇതിൽ പ്രതിഫലിപ്പിച്ചിട്ടുള്ളതെന്നു കരുതുന്നതിൽ തെറ്റില്ല. കവിയുടെ ലക്ഷ്യം എന്തുതന്നെയായാലും കവിതയുടെ രസികത ആരും വകവെച്ചുകൊടുക്കുന്നതുതന്നെയാണ്.