പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കവിയും കാലവും: ചന്ദ്രോത്സവത്തിൻ്റെ കാലം, കർത്തൃത്വം എന്നിവയെപ്പറ്റി ക്ലിപ്തമായ തീരുമാനമൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. പുനം, ശങ്കരൻ തുടങ്ങിയ കവികളുടെ ജീവിതകാലത്തിൻ്റെ അവസാനത്തിലോ, അഥവാ, അവരുടെ മരണാനന്തരം ഏറ്റവും അടുത്ത കാലത്തോ ആയിരിക്കാം ഇതിൻ്റെ നിർമ്മാണമെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

മതുമതമണമോലും പദ്യഗദ്യൈരനേകൈ–
ർമ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം

എന്നു ചന്ദ്രോത്സവത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു്. മുൻഗാമിയായ പുനം, തൻ്റെ കാലത്തും, അഥവാ, വയോവൃദ്ധനായ പുനം ഇപ്പോഴും സ്വകൃതികളെക്കൊണ്ടും ഭൂചക്രവാളത്തെ മദിപ്പിക്കുന്നു എന്നുള്ളതിനെയാണല്ലൊ വിശദമാക്കുന്നതു്. പുനം, ഉദ്ദണ്ഡൻ, ശങ്കരൻ മുതലായവർ സമകാലീനന്മാരായിരുന്നുവെന്നുള്ളത്. അവരെസ്സംബന്ധിച്ച ഐതിഹ്യങ്ങൾ കൊണ്ടു പ്രസിദ്ധവുമാണു. ഏഴാം നൂറ്റാണ്ടിലാണു പുനം ജീവിച്ചിരുന്നതെന്നുള്ളതിനു പല തെളിവുകളുമുണ്ട്. ആ സ്ഥിതിക്കു പുനത്തിൻ്റെ ജീവിതകാലമായ ഏഴാംനൂറ്റാണ്ടിൻ്റെ അവസാനത്തിലൊ, എട്ടാംനൂറ്റാണ്ടിൻ്റെ ആദിയിലൊ ആയിരിക്കാം ഇതിൻ്റെ രചന എന്നു മിക്കവാറും തീരുമാനിക്കാം.