പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കവിയെപ്പറ്റിയുള്ള ചിന്ത ഇതിലും ദുരൂഹമാണു്. ‘കവനോദയ’ക്കാർ എഴുത്തച്ഛനിലാണു് ഇതിൻ്റെ കർത്തൃത്വം സ്ഥാപിക്കുന്നതു്. മേല്പത്തൂർ ആയിരിക്കണം ഇതിൻ്റെ പ്രണേതാവെന്നു ഭാഷാചരിത്രകർത്താവു്, പി. കെ. നാരായണപിള്ള മുതലായവർ ഊഹിക്കുന്നു. വിഷയസ്വഭാവവും വർണ്ണനകളുടെ ഗതിയും ആലോചിച്ചാൽ പരമഭാഗവതന്മാരായ എഴുത്തച്ഛനും മേല്പത്തൂരും ഇത്തരം കൃതികൾ രചിച്ചുവെന്നു വിശ്വസിക്കാൻ പ്രയാസമാണു. ഉദ്ദണ്ഡപ്രഭൃതികളുടെ സമകാലീനനും, അരിയന്നൂർദേശക്കാരനുമായ ഒരു കേരളബ്രാഹ്മണനായിരിക്കണം ഇതിൻ്റെ കർത്താവെന്നു പ്രഫ‌സർ പി. ശങ്കരൻനമ്പ്യാർ അഭിപ്രായപ്പെടുന്നു. വിഷയം, പ്രതിപാദനസമ്പ്രദായം മുതലായവയെ ആസ്പദമാക്കി നോക്കുമ്പോൾ ഗ്രന്ഥകാരൻ ഒരു കേരളബ്രാഹ്മണനായിരിക്കണമെന്നുള്ള നമ്പ്യാരുടെ അഭിപ്രായം കൂടുതൽ സാംഗത്യമുള്ളതായി ഈ ഗ്രന്ഥകാരനും തോന്നുന്നു. എന്നാൽ ആ കലാകോവിദനെ ഉദ്ദണ്ഡൻ്റെ കാലത്തേക്കു കൂട്ടിക്കൊണ്ടുപോകേണ്ട ആവശ്യം ഒന്നുകൊണ്ടും കാണുന്നില്ല.