പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

മണിപ്രവാളം എന്നൊരു നൂതനപ്രസ്ഥാനവും കൂടിയാട്ടംവഴിക്കുതന്നെയാണ് മലയാള സാഹിത്യത്തിൽ ഉടലെടുത്തിട്ടുള്ളത്. ആട്ടപ്രകാരത്തിലെ ചില ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നുണ്ടല്ലൊ. അവയിൽ ഒന്നാണു്,

താൾപൂട്ടയന്തി തകരാഃ കറി കൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങയന്തി,
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ,
മിന്നാമിനുങ്ങു നിവഹാശ്ച മിനങ്ങയന്തി.

എന്ന സംസ്കൃതീപദ്യം, തോലൻൻ്റേതായി ചാക്യാന്മാർ ചൊല്ലിവരുന്ന ശ്ലോകങ്ങളിൽ പലതും പിൽക്കാലത്തു രൂപാന്തരം പ്രാപിച്ചിട്ടുള്ളവയാണു്. അതിനാൽ ഏറ്റവും പഴക്കമേറിയ ആട്ടപ്രകാരങ്ങളിൽ നിന്നുദ്ധരിക്കുന്ന പദ്യങ്ങളിൽപ്പോലും മണിപ്രവാളത്തിൻ്റെ ആദിമസ്വരൂപം കണ്ടുകിട്ടുവാൻ പ്രയാസമായിരിക്കുന്നു. ആട്ടപ്രകാരങ്ങളിൽ അരനൂറ്റാണ്ടു മുമ്പുണ്ടായ പദ്യങ്ങളും ഉൾപ്പെടുത്തിക്കണ്ടിട്ടുണ്ടെന്നു മഹാകവി ഉള്ളൂർ പ്രസ്താവിച്ചിട്ടുള്ളതും, ഇവിടെ സ്മരണീയമാണ്.