മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
വൈശികതന്ത്രം: നമുക്കിന്നുവരെ ലഭിച്ചിട്ടുള്ള മണിപ്രവാളകൃതികളിൽ പ്രാചീനതമമായ ഒന്നാണ് വൈശികതന്ത്രം.
തന്വീകുലാഭരണമേ! തരുണാൻ കയർത്തും
താനേ നിശാസു നിയമേന കിടക്കലാകാ;
അംഭോരുഹാക്ഷി, പുനരാണണയാത പെണ്ണും
ചേറില്ലയാത മിളിയും* ചിരികേടു കണ്ടാ (ൽ)
* (മിളി = നിലം)
എന്നു ലീലാതിലകത്തിൽ കാണുന്ന പദ്യം വൈശികതന്ത്രത്തിൽനിന്ന് ഉദ്ധരി ച്ചിട്ടുള്ളതാണു്. വേശ്യാവൃത്തിയെ വിജയിപ്പിക്കുവാൻ അനങ്ഗസേന എന്ന യുവതിക്ക് അവളുടെ അമ്മ നൽകുന്ന ഉപദേശമാണു് പ്രസ്തുത കൃതിയിൽ അടങ്ങിയിട്ടുള്ളത്. വിഷയം അശ്ലീലമാണെങ്കിലും കവനമാധുരികൊണ്ട് അതാരേയും ആകർഷിക്കുന്നു.
എന്മുത്തിമുത്തി മുതുമുത്തിയവൾക്കു മുൻറാം
മുത്തിക്കുമുത്തിയവൾ മൂത്തവളേ തുടങ്ങി
നാം പോരുമാതികളൊരിത്തനയും വിടാതെ
ഞാനിന്നീനക്കുപദിശാമി ഗുരുക്രമേണ.
എന്ന മുഖവുരയോടുകൂടിയാണു് കവിതയുടെ ആരംഭംതന്നെ. വൈശികം അഭ്യ സിക്കാനുള്ള വൈഷമ്യം കവി വിവരിക്കുന്നതു നോക്കുക:
കല്ലിനെപ്പെരിയ കായലാക്കലാം,
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴെയ്ക്കിലും
വല്ലുവാനരിയതൊൻറു വൈശികം.