പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കവിയുടെ അലങ്കാരപ്രയോഗസാമർത്ഥ്യം, രചനാവൈഭവം എന്നിവ എവിടെയും നടമാടുന്നതു കാണാം.

താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ, മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ.
ബാലത്വാമാർന്നുരസി വാർമുല പൊങ്ങുമന്നാൾ
മാലത്തഴക്കുഴലിമാർ മുതൽ നേടവേണ്ടും;

വേലപ്പെടാതവ നിരർത്ഥകമേവ പിന്നെ;
കാലത്തുഴാക്കഴനി നെല്ക്കളമേറുവീല,
പണം കണക്കല്ല, പഴിക്കലാകാ
ഗുണജ്ഞരെക്കാമിനിയൊന്നുകൊണ്ടും
ഫലം പൊഴിക്കും വളർമാവിനെപ്പോയ്
വലത്തുവെപ്പീലരയാലെയെന്നി.

കവിയും കാലവും: കവിയെപ്പറ്റി ഒന്നും അറിയുവാൻ നിവൃത്തിയില്ല. വാത്സ്യായനം മുതലായവ ആവർത്തിച്ചഭ്യസിച്ചിട്ടുള്ള ഒരാളാണു് ഈ അജ്ഞാതൻ എന്നുമാത്രം പറയാം. കാവ്യം 11-ാം ശതകത്തിനുമുമ്പ് വിരചിതമായിരിക്കണമെന്നു് ഉളളൂർ മഹാകവി അഭിപ്രായപ്പെടുന്നു. * (കേരളസാഹിത്യചരിത്രം, ഒന്നാം വാള്യം, പേജ് 278.)