പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ലഘുകാവ്യങ്ങൾ: കവികളും അവരുടെ പരിചയസീമയിൽപ്പെട്ട സമുദായങ്ങളും ധർമ്മമാർഗ്ഗത്തിൽനിന്നു വ്യതിചലിച്ചു ഭോഗലാലസരായിത്തീർന്നു ജീവിതം നയിച്ചതിൻ്റെ ഒരു പ്രതിഫലനമാണു് വൈശികതന്ത്രം മുതൽക്കിങ്ങോട്ടുള്ള മിക്ക മണിപ്രവാളകൃതികളിലും തെളിഞ്ഞുകാണുന്നതു്. ലീലാതിലകത്തിൽ കൊടുത്തിട്ടുള്ള ഉദാഹരണശ്ലോകങ്ങളിൽനിന്നും അതിൻ്റെ തനിനിറം ഒട്ടൊക്കെ മനസ്സിലാക്കാവുന്നതാണു്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണുനീലിസന്ദേശം മുതലായ കൃതികൾ ഈ വിഷയത്തിൽ പ്രസിദ്ധങ്ങളായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത്രത്തോളം പ്രസിദ്ധങ്ങളല്ലെങ്കിലും ഭാവമധുരങ്ങളായ പദ്യങ്ങൾകൊണ്ട് അവയേയും വെല്ലുന്ന അനേകമനേകം ലഘുകാവ്യങ്ങൾ ഈ കാലയളവിൽ വേറെയും ജന്മമെടുത്തിട്ടുണ്ട്. ചെറിയച്ചി,* (ഡോക്ടർ പി. കെ. നാരായണപിള്ള പ്രസാധനം ചെയ്തിട്ടുള്ള ‘പദ്യരത്നം’ എന്ന കൃതിയിൽ പ്രസ്തുത ലഘുകാവ്യങ്ങൾ മിക്കവയും ഉൾപ്പെടുത്തിയിട്ടുണ്ട് .) ഇട്ടിയച്ചി, നാരണീനന്ദന, ഉത്തരാചന്ദ്രിക, കൗണോത്തര, തയ്യിൽ ഇളയച്ചി, മല്ലീനിലാവു്, മാരലേഖ, ചന്ദ്രിക തുടങ്ങിയ വിലാസവതികളാണ് അവയിലെ നായികമാർ. പ്രേമത്തിൻ്റെ താണപടിയിലുള്ള സംഭോഗതൃഷ്ണയാണ് പ്രായേണ ഈ കാവ്യങ്ങളിലെ പ്രതിപാദ്യം. ഇവയിൽ എവിടെ നോക്കിയാലും കാമത്തിൻ്റെയും അർത്ഥിൻ്റെയും ചിത്രീകരണമാണുള്ളത്. അനുരക്തകളായ നായികമാർ, കാമ വിവശരായ നായകന്മാർ, ബഹുവിധങ്ങളായ ജീവിതസൗകര്യങ്ങൾ, മണിമാളികകൾ, ഉദ്യാനങ്ങൾ, മനോഹരവേഷങ്ങൾ, തോഴിമാർ, സഖാക്കൾ, ആശ്രിതന്മാർ എന്നുവേണ്ട, സുഖഭോഗസമൃദ്ധമായ ജീവിതത്തിൻ്റെ നിഴലാട്ടം മേല്പറഞ്ഞ കൃതികളിൽ സർവ്വാംഗീണമായി സ്ഫുരിക്കുന്നു. ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം:

അലഘുജഘനഭാരേ, പോവതിന്നാരഭേ ഞാൻ
അലസനയനകോൺകൊണ്ടൊന്നു പുല്കീടിദാനീം;
കലിതരുചി വരിൻറുണ്ടിന്നിയും തന്വീ, തയ്യി-
ത്തലമെഴുമിളയച്ചീ, പോന്നു വൈകാതവണ്ണം.

കാമുകൻ പിരിയുന്ന അവസരത്തിൽ വീണ്ടും വരാമെന്നു ചെയ്യുന്ന പ്രതിജ്ഞയാണിതു്.