മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ആ നിതംബമഴകോടഴിഞ്ഞലർചൊരിഞ്ഞു ചാഞ്ഞ കബരീഭരം,
തേനിൽമുങ്ങി നിവരിൻറ മഞ്ജുമണിതം, തഴച്ച പുളകോദ്ഗമം,
ചേണെഴിൻറ നിടിലാന്തരേ തലയെടുത്ത ഘർമ്മകണികാങ്കരം,
മാനയാമി മലർവാണകേളി തവ മാരലേഖമലർനായികേ!
അസഭ്യമാണിവിടെ പുലമ്പുന്നതെങ്കിലും സാഹിത്യത്തിലായതുകൊണ്ട് മാരലേഖയുടെ ഈ മലർബാണകേളിയും അറിയാതെതന്നെ സഹൃദയന്മാർ അഭിനന്ദിച്ചുപോകും. മറ്റൊന്നുകൂടി,
ആറും നീറും ഫണിയുമണിയും തമ്പുരാനാണ ചൊല്ലാം
ആറും നീറും മദനവിവശാൽ ഞാൻ പെടും കാടുകണ്ടാൽ,
മാറും മാറും മധുരവചനേ! ചേർത്തു മാൽ പോക്കുമാറോ
മാറും മാറോ മനസി നിതരാം മാനവീമേനകേ! തേ.
ചെറിയച്ചീവർണ്ണനത്തിൽ സന്ധ്യയെപ്പോലും ശൃംഗാരക്കടലിൽ മജ്ജനോന്മജ്ജനം ചെയ്യിക്കുന്നു:
ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ;
പരമപി രവിബിംബം ചെൻറിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകിൽക്കുങ്കു മാർദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായഃ
സ്തോത്രങ്ങൾ: ശൃംഗാരശ്ലോകങ്ങൾപോലെതന്നെ ദേവതാസ്തോത്രങ്ങളായ ഒട്ടുവളരെ പദ്യങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ മുഖ്യമായ ഒന്നാണു് അനന്തപുരവർണ്ണനം.
തമിഴ് സംസ്കൃതമെൻറുള്ള — സുമനസ്സുകൾകൊണ്ടാരു
ഇണ്ടമാല തൊടുക്കിൻേറൻ — പുണ്ഡരീകാക്ഷപൂജയാ(യ്).
ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള ഈ പദ്യം പ്രസ്തുത കാവ്യത്തിലെ എട്ടാമത്തെ പദ്യമാണു്. കവിത മുഴുവൻ ലഭിച്ചുകഴിഞ്ഞിട്ടില്ല. അന്നത്തെ തിരുവനന്തപുരം നഗരത്തെ യഥാതഥമായി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട് . അജ്ഞാത കർത്തൃകമായ ഈ കാവ്യം 14-ാം ശതകത്തിൻ്റെ ആരംഭത്തിൽ രചിച്ചതായിരിക്കണമെന്നു കേരളസാഹിത്യ ചരിത്രകാരൻ അഭിപ്രായപ്പെടുന്നു.