മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
പൂന്താനം: 16-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന പൂന്താനത്തുനമ്പൂരിയുടെ സ്തോത്രങ്ങളും ഈയവസരത്തിൽ സ്മരണീയങ്ങളാണു്. ഭക്തിരസവും കാവ്യരസവും അവയിൽ ഒന്നുപോലെ കളിയാടുന്നു. പാർത്ഥസാരഥീസ്തവത്തിൽനിന്നു് ഒന്നുരണ്ടു പദ്യങ്ങൾ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
കെട്ടി വാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂ-
മ്പട്ടുകൊണ്ടു വടിവോടുടുത്തുരസി ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞു നിടിലത്തടത്തിലടൽ പാർത്തു പാർത്തു രഥമേത്യ ച-
മ്മട്ടി മുഷ്ടിയിൽ മുറുക്കി നിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
ജാതു യാദവകുലേ പിറന്നിനിയ ഗോപസത്മനി വളർന്നൊരോ–
ജാതി കേളികൾ തുടർന്നു പാൽ തയീർ കവർന്നു കൊന്നു നിജ മാതുലം
ദൂതനായ് മഹിതപാണ്ഡവർക്കപീ ച സൂതനായ് കുരുകുലം മുടി–
ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോററി പരിപാഹി മാം.