പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ഭാഷാകർണ്ണാമൃതം: പൂന്താനത്തിൻ്റെ ഒരു മണിപ്രവാളകാവ്യമാണിതു്. വില്വമംഗലത്തിൻ്റെ സംസ്കൃതത്തിലുള്ള ‘ശ്രീകൃഷ്ണകർണ്ണാമൃതം’ വളരെ പ്രസിദ്ധമായിരുന്നതിനാലാണു് പൂന്താനത്തിൻ്റെ കൃതിക്കു് ഈ പേർ നൽകിയതെന്നു മഹാകവി ഉള്ളൂർ ഊഹിക്കുന്നു. ഭാഗവതം ദശമസ്കന്ധത്തിലുള്ള കഥയെ വളരെ സംഗ്രഹിച്ചു നിർമ്മിച്ചിട്ടുള്ളതാണു് ഈ ഭാഷാകവിത. കവിയുടെ ഭക്തിയും തത്ത്വചിന്തയും എവിടെയും തെളിഞ്ഞുകാണാം:

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാൽവെണ്ണതയിർക്കുമോഷണ, മതിക്രൂരാത്മനാം പേഷണം,
വൻപാപത്തിനു ശോഷണം, വനിതമാർക്കാനന്ദസമ്പോഷണം,
നിൻപാദം മതി ദൂഷണം ഹരതു മേ മഞ്ജീരസംഘോഷണം.

എന്നോമലിങ്ങുവരികെന്നു യശോദ മെല്ല–
ച്ചെന്നാൾ മുകർന്നു പുതുവെണ്ണ കൊടുപ്പതിന്നായ്;
അന്നേരമാർത്തിയൊടെയോടി വിയർത്തു വീണ–
കണ്ണൻ്റെ കാതരത കാണ്മതു കൗതുകം മേ.

രചനാഭംഗിപോലെതന്നെ കവിയുടെ ഭക്തിയും നമ്മെ ആനന്ദതുന്ദിലരാക്കുന്നു.