മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ചന്ദ്രോത്സവം: വൈശികതന്ത്രം മുതൽക്കിങ്ങോട്ട് വിരചിതമായിട്ടുള്ള മണിപ്രവാളകാവ്യങ്ങളിൽ ഏതുകൊണ്ടും തലപ്പത്തുനില്ക്കുന്ന ഒരു ശൃംഗാരകാവ്യമാണു് ചന്ദ്രോത്സവം. മധുരമധുരമായ ഭാഷാപദങ്ങളുടേയും സംസ്കൃത ശബ്ദങ്ങളുടേയും അന്യോന്യ സമ്മേളനത്താൽ സുരഭിലമായ അതിലെ കാവ്യവാണി സഹൃദയസമ്മതമെന്നു് ആരും സമ്മതിക്കും.
കഥാവസ്തു: ഈ കാവ്യത്തിലെ കഥാവസ്തു കവികല്പിതവും കേവലം നിസ്സാരവുമാകുന്നു. മേദിനീവെണ്ണിലാവെന്ന ഒരു സുന്ദരീരത്നം ചന്ദ്രോത്സവം കൊണ്ടാടുന്നതു സംബന്ധിച്ചുള്ള വർണ്ണനമാണിതിലുള്ളതു്. മരതകപർവ്വതത്തിൻ്റെ ശൃംഗത്തിൽ ഒരു ഗന്ധർവ്വൻ പ്രേയസിയായ കിന്നരിയുമായി ‘മധുവിധു’ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പരിമളം അവിടെയെല്ലാം പരന്നു. അതു് ഏതോ പുഷ്പത്തിലെയാണെന്നു ഭ്രമിച്ച്. ആ പുഷ്പം ഉടനെ പോയി കൊണ്ടുവരണമെന്നു കിന്നരി കാമുകനോടപേക്ഷിച്ചു. ഗന്ധർവ്വൻ സൗരഭ്യത്തിൻ്റെ ഉത്പത്തിസ്ഥാനമന്വേഷിച്ചു ആകാശമാർഗ്ഗേണ സഞ്ചരിക്കവെ തൃശൂരിനു നാലഞ്ചുനാഴിക വടക്കു പടിഞ്ഞാറായുള്ള ചിറ്റിലപ്പള്ളിയിൽ എത്തിയപ്പോഴാണു്, മേദിനീവെണ്ണിലാവു് എന്ന വേശ്യാംഗന ചന്ദ്രോത്സവം കൊണ്ടാടുന്നതിലേക്കു കത്തിച്ചുവെച്ച ദിവ്യവർത്തികയിൽനിന്നുദ്ഗമിച്ച പരിമളമാണതെന്നു മസസ്സിലായതു്.
അറുതിയിലതു പൂവല്ലത്ഭുതം പൂർണ്ണചന്ദ്രോ-
ത്സവപരിമളമത്രേ മേദിനീചന്ദ്രികായാഃ.
ഗന്ധർവ്വൻ ആറുദിവസം അവിടെത്തന്നെ താമസിച്ച് ആ മഹാമഹം മുഴുവൻ കണ്ട് തിരിച്ചുവന്നു സംഭവങ്ങൾ കിന്നരിയെ വർണ്ണിച്ചുകേൾപ്പിക്കുന്നു. ഇതാണു ചന്ദ്രോത്സവത്തിലെ പ്രതിപാദ്യം.