മണിപ്രവാളകാവ്യങ്ങൾ
ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണ ഗുരുസ്സാഹിത്യസംഗീതയോ-
സ്മൃത്യാർത്ഥാത്മപുരാണശാസ്ത്രനിഗമാൻ ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണൈശ്ശോഭേ കലാനാം കുലാ-
ന്യഭ്യാസേ യുധി ഭൂപതീംശ്ച വിജയേ സർവ്വാംഗനാഥോസ്മൃതഃ *
* (ശബ്ദജ്ഞനും സംഗീതസാഹിത്യാദികൃതികൾക്കു് ലക്ഷ്യലക്ഷണഗ്രന്ഥങ്ങൾ ചമച്ചവനും കുലാഭ്യാസശീലംകൊണ്ടു യുദ്ധത്തിൽ ഇതരരാജാക്കന്മാരെ ജയിച്ചവനും ആകയാൽ ഞാൻ സർവാംഗനാഥനെന്ന ബിരുദത്താൽ അറിയപ്പെടുന്നു.)
എന്നിങ്ങനെ വടശേരി കൃഷ്ണൻകോവിലിലും മറ്റുമുള്ള ശിലാശാസനങ്ങളും ഇതിനും ഉപോദ്ബലകങ്ങളായി നിലകൊള്ളുന്നു. പൂർവ്വസന്ദേശത്തിൽ ”ആറല്ലോ ചൊല്ലമരസരണൗ”, “രാജ്യാനാമങ്ങിനിയപതിനെട്ടിന്നും”, “ശൗണ്ഡീ വേണു” എന്നീ ശ്ലോകങ്ങളിൽ പ്രസ്തുത ശിലാശാസനങ്ങളിലെന്നപോലെതന്നെ ആദിത്യവർമ്മൻ്റെ സർവാംഗനാഥത്വത്തെ വിളംബരം ചെയ്യുന്നതും ശ്രദ്ധേയമാണു്.
മേൽപ്പറഞ്ഞ കാലഘട്ടത്തിനു തോവാളയുടെ അതിർത്തിപ്രദേശങ്ങളിൽ മുസൽമാൻമാർ നടത്തിവന്ന ആക്രമണങ്ങളെ ചെറുക്കുവാൻ ആദിത്യവർമ്മ ഇടയ്ക്കിടെ പോയിരുന്നുവെന്നുള്ള ചരിത്രവസ്തുതയാണു ”വ്യായാമം കൊണ്ടു” “എണ്ണിക്കൊള്ളാം പടയിലെഴുന്നള്ളത്തു്” എന്നീ മുന്നുദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതെന്നു ഊഹിക്കുന്നതിൽ തെറ്റില്ല. പ്രാമാണികങ്ങളായ ഈവക തെളിവുകളുടെ വെളിച്ചത്തിൽ, ഉണ്ണുനീലിസന്ദേശത്തിൻ്റെ കാലം, കൊല്ലം 535-നും 540-നും ഇടയ്ക്കാകാം എന്നൊരഭിപ്രായം ഗവേഷകപ്രവരനായ ഇളകുളം കുഞ്ഞൻപിള്ള പുറപ്പെടുവിച്ചിട്ടുള്ളത് ഏററവും ശ്രദ്ധേയമായി തോന്നുന്നു.
