പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

ചരിത്രപരമായ മേൽപ്പറഞ്ഞ സൂചനകൾക്കു പുറമേ ജ്യോതിശ്ശാസ്ത്രപരമായ ചില സൂചനകളും സന്ദേശത്തിൽ കാണുന്നുണ്ട്. സന്ദേശഹരനു് യാത്രപുറപ്പെടുന്നതിനു പറ്റിയ ശുഭാവസരം നായകൻ നിർദ്ദേശിക്കുന്നതു നോക്കുക:

”അഞ്ചാംപക്കം വരമിതു തുലോം, വാരവും വീരമൗലേ!
നാളും നൻ്റേ നളിനവനിതയ്ക്കിമ്പനേ! മുമ്പിലേതു്
മേടം വേണാടരിൽ മകുടമേ, രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ” *

*(വീരമൗലേ, അഞ്ചാംപക്കം വരമിതു തുലോം (തിഥി പഞ്ചമിയാണു്. ഇത് ഏററവും നല്ലതുതന്നെ.) നളിനവനീതയ്ക്കിമ്പനേ, വാരവും നാളും നൻേറ മുമ്പിലേതു് (ആഴ്ചയും നക്ഷത്രവും നന്നു് മുമ്പിലേത് എന്നതിനും ഞായറാഴ്ചയും അശ്വതിനക്ഷത്രവും എന്ന അർത്ഥമാണ് ഋജുവായിട്ടുള്ളത്. മുമ്പിലേതു്=മുൻപിൽ പറഞ്ഞതു്, ആദ്യത്തേതു്, അഞ്ചാമത്തേത് എന്നു വ്യാഖ്യാനിച്ചാൽ വ്യാഴാഴ്ചയും മകയിരം നക്ഷത്രവും എന്നു വന്നുകൂടും) വേണാടരിൽ മകുടമേ, രാശിയും മേടം (ഇപ്പോഴത്തെ രാശിയും – ലഗ്നവും – മേടമാണു്) വാഗധീശൻ നാലാമേടത്തു് (വാഗ്ധീശനായ വ്യാഴം മേടത്തിൽനിന്നു നാലാമത്തെ രാശിയായ കർക്കടകത്തിലാണു്) അയം ഭൂതികാമാഖ്യയോഗം ഉപഗതഃ (ഇതാ ഭൂതികാമം എന്ന പേരോടു കൂടിയ യോഗം പ്രാപ്തമായിരിക്കുന്നു.))

വളരെയേറെ വിവാദങ്ങൾക്കു കരുവായിത്തീർന്നിട്ടുള്ള ഒരു പദ്യമാണിത്. ‘നളിന വനിതയ്ക്കിമ്പനേ മുമ്പിലേത്’ എന്നതിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിനു മുമ്പിലത്തെ ഉത്രാടം എന്നു വ്യാഖ്യാനിച്ച്, ഉത്രാടം നക്ഷത്രവും പഞ്ചമി തിഥിയും മേടം ഉദയരാശിയും കർക്കടകത്തിൽ വ്യാഴവും ആയിട്ടുള്ള സമയത്തു്, അതായതു് കർക്കടക വ്യാഴക്കാലങ്ങളിലെ മേടമാസത്തിൽ ഉത്രാടവും കൃഷ്ണപഞ്ചമിയും യോജിച്ചുവരുന്ന 490 മേടം 30-ാ നു- പുലർച്ചസമയത്താണ്. ഈ സന്ദേശമയയ്ക്കുന്നതെന്നു പ്രസ്തുത പദ്യത്തെ ആസ്പദമാക്കി പണ്ഡിതശ്രേഷ്ഠനായ ആറ്റൂർ കൃഷ്ണപ്പിഷാരടി അഭിപ്രായപ്പെടുന്നു. ഇതിൽ രണ്ടു വൈകല്യങ്ങളാണു് വന്നുകൂടുന്നതു്. സന്ദേശമയയ്ക്കുന്നത് കൃഷ്ണപക്ഷത്തിലെ പഞ്ചമീദിവസമാണെങ്കിൽ, ”താളംപോലെ പുലരിവനിതയ്ക്കാ​ഗതൗ ചന്ദ്രസൂര്യൗ” എന്ന പ്രഭാതവർണ്ണനയും; “നീലക്കുൻറിൻ മണിമകുടവൽ ദൃശ്യതേ ഭാനുബിംബം”, “അപ്പോളുദ്യൽ കുളുർമതിമുഖീ….” എന്നീ വർണ്ണനകളും തത്തൽസ്ഥാനങ്ങളിൽ തീരെ ഘടിക്കാതെ അതുപോലെതന്നെ മുമ്പേ സൂചിപ്പിച്ച ചരിത്രവസ്തുതകൾക്കും ഇതു പ്രതികൂലമായിത്തീരുന്നു. തന്നിമിത്തം ആറ്റൂരിൻ്റെ അഭിപ്രായം അതേപടി സ്വീകാര്യമായിത്തീരുന്നില്ല.