മണിപ്രവാളകാവ്യങ്ങൾ
466 മേടം 11-ാം തീയതിയാണെന്നു് അദ്ദേഹം കാലനിർണ്ണയം ചെയ്യുന്നു. “യൽ സത്യം തൽ ഭവതു പുണർതംനാൾ പിറന്നെങ്ങൾകാന്തൻ വൻറിട്ടിൻറെ മമ മന സിജച്ചൂടൊഴിക്കിൻറതാകിൽ’ എന്ന ഭാഗത്തിനു്… പുണർതംനാൾ പിറന്ന ഇന്നുതന്നെ ഭർത്താവു വന്നു” എൻറെ കാമതാപം ശമിപ്പിച്ചിരുന്നെങ്കിൽ, എന്നു അദ്ദേഹം അർത്ഥം കല്പിക്കുന്നതും ശ്രദ്ധേയമാണു്. മകയിരംനാൾ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സന്ദേശഹരൻ മൂന്നാംദിവസമായ പുണർതം നാളിലാണല്ലൊ മുണ്ടയ്ക്കൽ വന്നുചേരുന്നത്.
പണ്ഡിതരത്നമായ ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അഭിപ്രായവും ഗോപാലപിള്ളയുടേതിൽനിന്നു് അധികം ഭിന്നമല്ല. “സന്ദേശത്തിൽ ചില ശുഭസമയങ്ങളും പ്രശ്നവിചാരവും കാണുന്നതിനെ ഞെക്കിപ്പിഴിഞ്ഞാണു് പലരും കാലനിർണ്ണയം ചെയ്തു കാണുന്നതു്. ആ പരിഗണനയിൽ ആകാവുന്നിടത്തോളം യുക്തിഭദ്രത 466 കാലഗണനയിൽ ഉണ്ട് . അതു ചരിത്രകാര്യങ്ങൾക്കു വിരുദ്ധമല്ലാത്തതുകൊണ്ടാണു് 488-ാം മാണ്ടിടയ്ക്ക് ആയിരിക്കണം ഈ സന്ദേശം എഴുതിത്തീർത്തതു് എന്ന എന്റെ അഭിപ്രായത്തോടു് ആ ജ്യോതിഷപരിഗണനയെ ഞാൻ സ്വീകരിച്ചതു്.” * (ഉണ്ണുനീലിസന്ദേശം, അവതാരിക, പേജ് 50,) എന്നാൽ മുമ്പറഞ്ഞ ചരിത്രവസ്തുതകളെ പരിഗണിക്കുമ്പോൾ ഈ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ അസ്വീകാര്യങ്ങളായിത്തീരുകയും ചെയ്യുന്നു.
