മണിപ്രവാളകാവ്യങ്ങൾ
കാലത്തെ സംബന്ധിച്ച അഭിപ്രായഭേദങ്ങളിൽ ഉളളൂരും ഇളംകുളവും പുറപ്പെടുവിച്ചിട്ടുള്ളവയാണു കൂടുതൽ ഗണനാർഹങ്ങളായിട്ടുള്ളത്. കൊല്ലവർഷം 549 കുംഭം 23-ാംതീയതി വ്യാഴാഴ്ചയും, അശ്വതി നക്ഷത്രവും പഞ്ചമിയും ചേർന്ന ഒരു ശുഭാവസരത്തിലാണു്. ആദിത്യവർമ്മ സന്ദേശവുമായി പുറപ്പെടുന്നതെന്നു മഹാകവി അനുമാനിക്കുന്നു. ഇളംകുളമാകട്ടെ, മഹാകവിയുടെ അഭിപ്രായത്തിലുള്ള ചില വൈകല്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടു 537 മേടമാസം 6-ാം തീയതി വ്യാഴാഴ്ചയും മകയിരം നക്ഷത്രവും ചേർന്ന ഒരു പ്രഭാതത്തിലാണു് സന്ദേശഹരൻ പുറപ്പെടുന്നതെന്നു സിദ്ധാന്തിക്കുന്നു. ആരംഭത്തിൽ സൂചിപ്പിച്ച ചരിത്രവസ്തുതകളുമായി തട്ടിച്ചുനോക്കുമ്പോൾ ഉളളൂരിൻ്റെയും ഇളംകുളത്തിൻ്റെയും കാലഗണനകളിൽ വന്നിട്ടുള്ള അന്തരം സന്ദേശത്തിലെ ചരിത്രസംഭവങ്ങൾക്കു ഹാനികരമായിത്തീരുന്നില്ല. പക്ഷേ, ജ്യൗതിഷികന്മാർ ഗണിച്ചുപറഞ്ഞിട്ടുള്ള ഈ കണക്കുകളിൽ ഏതാണു ശരിയായിട്ടുള്ളത്, സ്വീകാര്യമായിട്ടുള്ളതും, എന്നു തീർച്ചപ്പെടുത്താൻ ഏറെ പ്രയാസമായിരിക്കുന്നു.
ഇനി, സന്ദേശമയയ്ക്കുന്നതായി പ്രസ്താവിച്ച പ്രസ്തുത കാലങ്ങളിൽ പ്രമാദരഹിതമായതേതെന്നു നിർണ്ണയിച്ചുകഴിഞ്ഞാൽത്തന്നെയും, യഥാർത്ഥത്തിൽ സന്ദേശമെഴുതിയ കാലം പിന്നെയും നിർണ്ണയിക്കേണ്ടതായി അവശേഷിക്കുന്നു. അഞ്ചാംപക്കവും ഭൂതികാമാഖ്യയോഗവും എല്ലാം ചേർന്നുവരുന്ന ഒരു ശുഭമുഹൂർത്തത്തിൽ സന്ദേശമയയ്ക്കുന്നുവെന്നത് ഒരു സങ്കല്പം മാത്രമാണല്ലോ. കവിത ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞശേഷം എഴുതിയതുമാകാം. കേരളകാളിദാസൻ എഴുതിയ മയൂരസന്ദേശത്തിൻ്റെ സങ്കല്പകാലവും, രചനാകാലവും വിഭിന്നങ്ങളാണെന്നു നമുക്കുതന്നെ നിശ്ചയമുള്ളതാണല്ലോ. ചുരുക്കത്തിൽ, 14-ാംനൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ, അതായത് കൊല്ലം 6-ാം ശതകത്തിൽ നിർമ്മിച്ച ഒരു കാവ്യം എന്നതിൽ കവിഞ്ഞ് ഉണ്ണുനീലിസന്ദേശത്തെപ്പറ്റി നിർവ്വിവാദം മറ്റൊന്നും പറയുവാൻ നിവൃത്തിയില്ല.
കവിയും നായകനും: പ്രസ്തുത സന്ദേശത്തിൻ്റെ കർത്താവ്, നായകൻ എന്നിവരെ സംബന്ധിച്ചുള്ള അന്വേഷണം ഇതിനേക്കാൾ ദുരൂഹവും അവ്യക്തവുമാണു്. ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്ന ചില ലക്ഷ്യങ്ങളും അഭ്യൂഹങ്ങളും ആസ്പദമാക്കി വിഭിന്നങ്ങളായ അഭിപ്രായങ്ങളാണു പലരും പുറപ്പെടുവിച്ചിട്ടുള്ളതു്. അവയിൽ പ്രമുഖങ്ങളായ ചിലതിനെപ്പറ്റി ഇവിടെ പ്രതിപാദിക്കാം:
