മണിപ്രവാളകാവ്യങ്ങൾ
കവിയും നായകനും ഒരു ചാക്യാർ :
കണ്ടോമല്ലോ തളിയിലിരുവോംകൂത്തു നാമൻ്റൊരിക്കാൽ
തൈവം കെട്ടാളൊരു തപതിയാർ നങ്ങയാരെന്നെ നോക്കി
അന്യാസംഗാൽ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദിൽ
പിന്നെക്കണ്ടീലണയവിവശം വീർത്തുമണ്ടിൻ്റെ നിന്നെ. (ഉ.സ. 94)
എന്നുള്ള നായകൻ്റെ അടയാളശ്ലോകമാണ് ഈ പക്ഷത്തിനും അവലംബമായിട്ടുള്ളതു്. ഇതിൽ തപതിയുടെ വേഷം ധരിച്ച നങ്ങയാർ എന്നെ നോക്കി പ്രാകൃത ഭാഷയിൽ പറഞ്ഞു എന്നതിനു്, തപതിയുടെ വാക്കു നാടകകഥാനായകനായ സംവരണനെ ഉദ്ദേശിച്ചാകയാൽ, ആ നാടകവേഷം ധരിച്ച ചാക്യാരെ നോക്കി പറഞ്ഞു എന്നാണർത്ഥമെന്നും, അവിടെ ‘എന്നെ നോക്കി’ എന്നു പ്രയോഗിച്ചിരിക്കുന്നതുകൊണ്ട് സന്ദേശനായകൻ ആ ചാക്യാരാണെന്നു സിദ്ധിക്കുന്നുവെന്നുമാണു നായകനും കവിയും ചാക്യാരാണെന്നുള്ള പക്ഷത്തിന്നടിസ്ഥാനം.
നാമന്നൊരിക്കൽ തളിയിൽ ഇരുവർ കൂത്തുകണ്ടല്ലോ എന്നുള്ളതിനും, സന്ദേശത്തിലെ നായികാനായകന്മാരായ ദമ്പതിമാർ കണ്ടു എന്നാണല്ലോ അർത്ഥം. ആ സ്ഥിതിക്ക് വേഷംകെട്ടിയ ചാക്യാരാണ് നായകൻ എന്നനുമാനിക്കുന്നതിൻ്റെ യുക്തി എന്തെന്നു മനസ്സിലാകുന്നില്ല. ഇരുവരും അടുത്തിരുന്നു കൂത്തു കണ്ടുകൊണ്ടിരിക്കവേ ഉണ്ടായ സംഭവത്തെ വിവരിക്കുന്നിടത്തു്, അതിൽ ഒരാൾ, അരങ്ങത്തു വേഷംകെട്ടിയിരുന്നു എന്നു സങ്കല്പിക്കുന്നതു പരമാബദ്ധമല്ലേ? ‘ഇരുവംകൂത്ത്’ എന്നതിലെ ഇരുവോം — ഇരുവരും — എന്ന പദം, കൂത്തിൻ്റെ വിശേഷണമായി ഉപയോഗിക്കാതെ, നാമിരുവരും കണ്ടിയൂർക്ഷേത്രത്തിലെ തളിയിൽ കൂത്തു കണ്ടുവല്ലൊ. (ഉണ്ണുനീലിസന്ദേശത്തിൻ്റെ കാലമായ 14-ാം ശതകത്തിൽ കണ്ടിയൂർ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് കൂടിയാട്ടത്തിൻ്റെ രൂപത്തിൽ നടന്നിരുന്നുവെന്നാണറിയുന്നതു്.) എന്നു ചേർത്തു പറയുന്നതായാൽ ഈ വാദത്തിൻ്റെ അനൗചിത്യം കുറച്ചുകൂടി സ്പഷ്ടമാകുകയും ചെയ്യും. അപ്പോൾ ‘എന്നെ നോക്കി’ എന്നതിനു സദസ്സിൽ ഞാൻ ഇരിക്കുന്ന സ്ഥലത്തേക്കു നോക്കി, എന്ന അർത്ഥം വ്യക്തമായി ലഭിക്കുന്നതുമാണ്. അതോടുകൂടി ചാക്യാർവാദത്തിൻ്റെ പ്രാബല്യം തന്നെ അസ്തമിക്കുകയും ചെയ്യും.
