മണിപ്രവാളകാവ്യങ്ങൾ
ചെറിയതിൻ്റെ ഭർത്താവ്: രവിവർമ്മയുടെ സദസ്സ്യരിൽ ഒരാളായിരിക്കണം സന്ദേശകാവ്യത്തിൻ്റെ കർത്താവ്. ഒരുപക്ഷേ, ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിൻ്റെ ഭർത്താവുമായിരിക്കാം അദ്ദേഹം. ഈ അഭിപ്രായമാണു മറ്റൊരു പക്ഷത്തിനുള്ളത്. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയാണു് ഈ പക്ഷത്തിൻ്റെ നേതാവ്. അദ്ദേഹത്തിൻ്റെ അഭിപ്രായമിതാണു്:
”ഉണ്ണുനീലിസന്ദേശം, കവി തൻ്റെ കളത്രത്തിനോടു പറയുന്നതായിട്ടാണു രചിച്ചിട്ടുള്ളതു്. ‘ഇല്ലത്തിന്നുന്നതിം തേ…. സൂക്തിരത്നം മദീയം’ എന്ന ശ്ലോകം നോക്കുക. ഇവിടെ ഉണ്ണുനീലി എന്ന ശബ്ദം സംബോധനയാണെന്നു ഭ്രമിക്കുവാൻ അവകാശമില്ല. സംബുദ്ധിയാണെങ്കിൽ ‘വിതരതു’ എന്ന ലോട്ട് പ്രഥമൈകവചനക്രിയാപദം നിരാലംബമായിപ്പോകുമെന്നൊരു ബുദ്ധിമുട്ടു നേരിടുന്നു. ശ്രീദേവിയെക്കൊണ്ടു വിളിപണി എടുപ്പിക്കത്തക്ക ഖ്യാതിരീതിയുള്ളവളാണു് ഉണ്ണുനീലി. അതുകൊണ്ടു നിൻ്റെ (ചെറിയതിൻ്റെ) കുലസമ്പത്തിനു സാക്ഷാൽ ലക്ഷ്മിയേക്കാൾ ഉണ്ണുനീലിയാണു് പ്രാർത്ഥനീയ എന്നു കാവ്യലിംഗാനു പ്രാണിതമായി കവി നായികാവർണ്ണനം ചെയ്യുന്നു. ഇതുകൊണ്ട് ഉണ്ണുനീലി കവിയുടെ പരിഗ്രഹമല്ലെന്നു സ്പഷ്ടമാകുന്നു. പോരെങ്കിൽ,
തണ്ടാർമാതാണ്ടഴക പൊഴിയും മിക്ക മുണ്ടയ്ക്കൽ മേവും
വണ്ടാർ കോലക്കുഴലികൾ ശിഖാമുണ്ണുനീലീമുദാരാം
കൊണ്ടാടിക്കൊണ്ടരുണമണിവ കൊണ്ടുകൊണ്ടാത്തരാഗം
പണ്ടേപ്പോലേ പരമനുഭവം കോപി കാമീ ജഗാമ.
എന്നു കവി കാന്തയോടു പറയുന്ന അടുത്ത ശ്ലോകം കൊണ്ട് ഉണ്ണുനീലി കവിയുടെ ഭാര്യയല്ലെന്നു സ്ഫടികംപോലെ സ്ഫുടമാകുന്നു.”
