പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

കവിയും നായകനും ഒരാൾതന്നെ: പി. കെ. യുടെ മേല്പറഞ്ഞ അഭിപ്രായം മഹാകവി ഉള്ളൂർ ഖണ്ഡിക്കുന്നു. ആ ഭാഗം അങ്ങനെതന്നെ ഇവിടെ ഉദ്ധരിക്കാം:

“ഈ പീഠിക (വെള്ളിക്കുൻറിന്നഭീഷ്ടം സൂക്തിരത്നം മദീയം എന്ന പീഠികയിലെ പഞ്ചമ ശ്ലോകം) പ്രസ്തുത കാവ്യനിർമ്മിതിയുടെ പ്രയോജനത്തെയാണു വിശദീകരിക്കുന്നതു് എന്നു നാം ഓർമ്മിക്കണം അങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാർ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു്, ‘മന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേൻ ഞാനി ദാനീം, കണ്ടിക്കാർകൂന്തൽ കാലിൽത്തടവിന മടവാർനായികാം വാഴ്ത്തുവാനായ് മുണ്ടയ്ക്കൽക്കെൻറുമാക്കം കരുതിന മറിമാൻ കണ്ണിയാമുണ്ണുനീലിം’ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാൻ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളിൽനിന്നു മനസ്സിലാകുന്നതു്. ‘തൻ്റെ ഭാര്യയുടെ നിർബ്ബന്ധം തിരസ്ക്കരിക്കുവാൻ നിവൃത്തിയില്ലാത്തവൻ’ എന്നാണു് മാരജ്വരപരവശൻ എന്ന പദത്തിൻ്റെ അർത്ഥമെന്നു പറഞ്ഞാൽ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തിൽനിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ‘വെള്ളിക്കുൻറിന്നഭീഷ്ടം’ എന്ന ശ്ലോകത്തിൽ യഥാശ്രുതമായി സ്ഫുരിക്കുന്ന അർത്ഥം, അല്ലയോ ഉണ്ണുനീലി, നിനക്കിപ്പോൾ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ട്; അതു സാരമുള്ളതല്ല; അതിനേക്കാൾ കാമ്യമാണു കൈലാസതുല്യമായ കീർത്തി, ആ കീർത്തി നിൻ്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എൻ്റെ സൂക്തിരത്നത്തിൽനിന്നുവേണം ആ കീർത്തിയുണ്ടാവാൻ. അതുകൊണ്ട് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുക! എന്നാണെന്നുള്ളതിനു സംശയമില്ല. ‘ആസ്താം പ്രലാപഃ’ എന്നൊരു വാക്യം ‘വിളിപണിചെയ്യിക്കു’മെന്നും, ‘ഇല്ലത്തിന്നുന്നതിം തേ വിതരതു’ എന്നുമുള്ള ഭാഗങ്ങളുടെ ഇടയിൽ കിടക്കുന്നു എന്നുള്ളതുകൊണ്ടു് മേൽവിവരിച്ച അർത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.”

“നായകനും കവിക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിത രഹസ്യങ്ങളാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളിൽ ‘അട യാളങ്ങ’ളാക്കി കാണിച്ചിരിക്കുന്നത്. അവ അവരിൽനിന്നു് അന്യനായ ഒരാൾക്ക് അറിയാൻ എങ്ങനെ സാധിക്കും? അതുകൊണ്ടു നായകനും കവിയും ഒരാൾ തന്നെയാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല.” * (കേരളസാഹിത്യചരിത്രം, ഒന്നാംവാള്യം, പേജ്, 360-36.)