പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

വടക്കുംകൂർ ഇളയതമ്പുരാൻ : ”യൽ സത്യം തൽ ഭവതു പുണർതംനാൾപിറന്നെങ്ങൾ കാന്തൻ ” എന്ന പദ്യംകൊണ്ടും ഉണ്ണുനീലിയുടെ ഭർത്താവിൻ്റെ ജന്മനക്ഷത്രം പുണർതമാണെന്നു സ്പഷ്ടമാണു്. പുണർതംനാൾ പിറന്ന ആ നായകൻ അന്നത്തെ വടക്കുംകൂർ രാജാവായിരുന്ന മണികണ്ഠൻ്റെ അനന്തരവനും, നായികയായ ഉണ്ണുനീലി അദ്ദേഹത്തിൻ്റെ പുത്രിയുമായിരുന്നിരിക്കാം എന്നും മഹാകവി അഭിപ്രായപ്പെടുന്നു. “പൂണാരം മണികണ്ഠവെൺപലമഹീപാലൈകചൂഡാമണെഃ” എന്ന് കവി ഉണ്ണുനീലിയെ വിശേഷിപ്പിക്കുന്നതു്, ഉണ്ണുനീലി, മണികണ്ഠൻ്റെ പുത്രിയായതുകൊണ്ടുതന്നെയായിരിക്കണമെന്നുകൂടി മഹാകവിക്കഭിപ്രായമുണ്ട്. ”വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാൻ്റെ ദൗത്യം വഹിച്ചു. തൃപ്പാപ്പൂർ സ്വരൂപത്തിലെ ആദിത്യവർമ്മ ഇളയതമ്പുരാൻ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിൻ്റെ പ്രിയതമയെ സമാശ്വസിപ്പിക്കുന്നതിൽ പലവിധത്തിലും അവർ സമസ്ക്കന്ധന്മാരാകയാൽ അസ്വാഭാവികതിയില്ല” എന്നും മഹാകവി അഭിപ്രായപ്പെടുന്നു. കവിയും നായകനും ഒരാൾ തന്നെ എന്ന പക്ഷത്തോടു ശ്രീ ശൂരനാട്ടു കുഞ്ഞൻ പിള്ളയും യോജിക്കുന്നു. ”കവിയും നായകനും ഒന്നുതന്നെയെന്നും അദ്ദേഹം തൻ്റെ ദയിതയായ ഉണ്ണുനീലിയുടെ കീർത്തി നിലനിർത്താൻവേണ്ടി കാവ്യം രചിച്ചതാണെന്നും അദ്ദേഹത്തിനു് ആദിത്യവർമ്മയോട് അത്രകണ്ട് അടുത്ത വിശ്വാസ ദൃഢമായ സ്നേഹബന്ധം ഉണ്ടായിരുന്നുവെന്നും സിദ്ധാന്തിക്കാം.” * (ഉണ്ണുനീലിസന്ദേശം, അവതാരിക, പേജ് 82) എന്നാൽ ആ കവി ആരായിരിക്കാം എന്നതിനെപ്പറ്റി അദ്ദേഹം അഭിപ്രായമൊന്നും പ്രകടിപ്പിക്കുന്നില്ല.

കവിയും നായകനും രണ്ടുപേർ: കവിയും നായകനും രണ്ടുപേരായിരിക്കണമെന്ന പക്ഷമാണ് ശ്രീ ഇളംകുളം കുഞ്ഞൻപിള്ളയ്ക്കുള്ളത്. രണ്ടും, (കവിയും നായകനും) ഒരാൾതന്നെ എന്ന ഊഹം നിർമ്മൂലമാണു്. നായിക ദേവദാസിയായതുകൊണ്ടു നായകൻ കേവലം സങ്കല്പപാത്രമാകാനാണു് കൂടുതൽ ന്യായം. * ( ഉണ്ണുനീലിസന്ദേശം, മുഖവുര, പേജ് 23-24)