പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

കവിയും നായകനും ഒരാൾതന്നെ: നായികയായ ഉണ്ണുനീലി ദേവദാസി വർഗ്ഗത്തിൽപ്പെട്ട ഒരു വേശ്യയാണെന്നു വിചാരിക്കുവാൻ ന്യായം കാണുന്നില്ല. വിരഹത്തിൽ നായികയ്ക്കുണ്ടാകുന്ന ദയനീയസ്ഥിതി വർണ്ണിക്കുന്നതിൽനിന്നും അവളുടെ പതിപ്രേമവും ചാരിത്രശുദ്ധിയും സ്പഷ്ടമായി വെളിപ്പെടുന്നുണ്ട്. നായകന്നു് അവളുമായി വേർപിരിയുന്നതിൽ വാസ്തവമായ ദുഃഖത്തിനവകാശവും അതുകൊണ്ടു തന്നെയാണുണ്ടാകുന്നത്. നായിക ദേവദാസിയായിരുന്നെങ്കിൽ ഇങ്ങനെ ഒരവസ്ഥ നായികയാൽ പ്രകാശിപ്പിക്കുമായിരുന്നില്ല. വെൺപലമഹീപാലൈക ചൂഡാമണിക്കു പൂണാരമായ — പ്രിയഭാജനമായ — ആ നായിക മണികണ്ഠൻ്റെ പുത്രിയൊ മറ്റൊ ആയിരിക്കാമെന്നുമെന്നു കരുതുന്നതിലും അപാകമൊന്നുമില്ലെന്നു തോന്നുന്നു. കവിയും നായകനും ഒരാൾതന്നെയാണെന്നുള്ളതിനു പ്രസ്താവനയിലെ 3-ം 5-ം പദ്യങ്ങൾ തെളിവുനൽകുന്നതായി മഹാകവി ഉള്ളൂർ തുടങ്ങിയവർ പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ദയിതയുടെ അടുത്തിരുന്നു ‘കവി ചൊല്ലി’ കേൾപ്പിക്കുമ്പോൾ മാരജ്വരം പിടിപെടാൻ കാരണമില്ലല്ലൊ എന്നൊരു പൂർവ്വപക്ഷം ഉദിക്കാതിരിക്കുന്നില്ല. ഇവിടെയുള്ള മാരജ്വരപരവശത സ്വദയിതയെക്കുറിച്ചുള്ള അനുരാഗാതിശയം മാത്രമാണു്. സന്ദേശത്തിലെ കാവ്യവസ്തു — യക്ഷിക്കഥ — ഒരു അനുഭവകഥയല്ല. അതു കല്പിതകഥയാണെന്നുള്ള വസ്തുത നാം വിസ്മരിക്കരുത്; സന്ദേശം അയയ്ക്കുന്നുവെന്നുള്ളതും ഒരു സങ്കല്പം മാത്രമാണു്. എന്നാൽ കാലദേശങ്ങളും, നായികയായ ഉണ്ണുനീലിയും, സന്ദേശഹരനായ ആദിത്യവർമ്മയും സന്ദേശകാരനായ നായകനും ഒന്നും സങ്കല്പകല്പിതങ്ങളല്ലതാനും. കാവ്യം സ്വദയിതയെ ചൊല്ലിക്കേൾപ്പിച്ചു രസിപ്പിക്കുന്ന നായകൻ “മാരജ്വരപരവശനായ് കോലിനേൻ ഞാനിദാനീം” എന്നു പറയുമ്പൊഴാണല്ലൊ രസികത ഇരു പേരിലും അപ്പോൾ പാഞ്ഞൊഴുകുക. അതിനാൽ കവിയും നായകനും ഒരാൾ തന്നെ എന്നു കരുതുന്നതാണു കൂടുതൽ യൂക്തമെന്ന അഭിപ്രായമാണ് ഈ ഗ്രന്ഥകാരനുള്ളത്.