മണിപ്രവാളകാവ്യങ്ങൾ
ഇവിടെ ഒരു പക്ഷാന്തരമുള്ളതുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ”തണ്ടാർമാതാണ്ടഴകുപൊഴിയും” എന്ന പ്രഥമപദ്യം ഉദ്ധരിച്ചുകൊണ്ട് സാഹിത്യപഞ്ചാനന പ്രഭൃതികൾ, ഉണ്ണുനീലി കവിയുടെ പരിഗ്രഹമല്ലെന്നു ദൃഢസ്വരത്തിൽ പറഞ്ഞു കാണുന്നു. മയൂരസന്ദേശത്തിലെ, “ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും” എന്നു തുടങ്ങുന്ന പ്രഥമപദ്യം വായിക്കുന്ന ഒരാളിനും ഇതേ അഭിപ്രായം തന്നെ പറയാവുന്നതാണു്. ”കശ്ചിൽ കാന്താവിരഹഗുരുണാ” എന്ന മേഘസന്ദേശ പദ്യത്തിലും അതേ രീതിതന്നെയാണു പ്രയോഗിച്ചുകാണുന്നതു്. അതുകൊണ്ടു പ്രസ്തുത നായികമാർ ആ നായകന്മാരുടെ പരിഗ്രഹമല്ലെന്നു വരുന്നതല്ലല്ലോ. സന്ദേശകാവ്യങ്ങളിൽ കവികൾ സാധാരണ സ്വീകരിക്കുന്ന ഒരു ശൈലി എന്നു മാത്രമേ ഈവക പ്രയോഗങ്ങളെ സംബന്ധിച്ചിടത്തോളം കരുതുവാനുള്ളു. “കോപി കാമീ ജഗാമ” എന്നു് ഉണ്ണുനീലിസന്ദേശത്തിലെ പദ്യത്തിലും കവി അതേരീതി പ്രയോഗിച്ചു എന്നുമാത്രം. സാധാരണസമ്പ്രദായമനുസരിച്ചു് ‘ആദിത്യവർമ്മസന്ദേശം’ എന്നാണു് ഈ കാവ്യത്തിനു പേരു നല്കേണ്ടതു്. എന്നാൽ ഉണ്ണുനീലിയുടെ പ്രശസ്തിക്കുവേണ്ടി എഴുതുന്ന പ്രസ്തുത കാവ്യത്തിനു ഉണ്ണുനീലിസന്ദേശം എന്നു നാമകരണം ചെയ്തിട്ടുള്ളതും ചിന്തനീയമാണ്.
കവി ഒരു കേരളബ്രാഹ്മണൻ : എന്നാൽ ഈ കവി അല്ലെങ്കിൽ നായകൻ ആരായിരിക്കാം എന്നുള്ള ചിന്ത പിന്നെയും അവശേഷിക്കുന്നു. അടയാളവാക്യമായ ”ആടിക്കാലേ നിശി” എന്ന ശ്ലോകത്തിൽനിന്നു നായകൻ നായികയുടെ കൗമാരകാന്തി വളർന്നുതുടങ്ങിയ ഘട്ടം മുതൽ അവളുടെ കാന്തനായിത്തീർന്നിട്ടുള്ള ഒരുവനാണെന്നു കരുതാവുന്നതാണു്. “തിരുവനന്തപുരം മുതൽ കടുത്തുരുത്തിവരെ വഴിമേൽ കുലസ്ത്രീകുലത്തിൽ ഉൾപ്പെടുത്താൻ സംശയിക്കേണ്ട അനേകം സ്ത്രീജനങ്ങളുമായി അനാശാസ്യമായി പരിചയപ്പെട്ട ഒരു രസികനാണു നായകൻ. ‘എണ്ണീടും ഗുണസമുദയം ചേർന്നിണങ്ങും കുറുങ്ങാട്ടുണ്ണിച്ചക്കി കടൽവനിതയാം മൽപ്രിയാ പ്രേമബന്ധോഃ’ ഇത്യാദി ശ്ലോകങ്ങൾ നോക്കുക. വടക്കുംകൂർ രാജാക്കന്മാരിൽ ഒരാൾക്കും ഇങ്ങനെ ഒരു പരിചയത്തിന് അവസരം കാണുന്നില്ല. നായകൻ നാടോടിയായ ഒരു കേരളബ്രാഹ്മണനാണെന്നു വിചാരിക്കുന്നതു കുറേക്കൂടി യുക്തമായിരിക്കും.” എന്നു സാഹിത്യപഞ്ചാനനൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം കൂടുതൽ സാംഗത്യമുള്ളതായി ഈ എഴുത്തുകാരനു തോന്നുന്നു.
