പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

എന്നാൽ ഈ മലയാളബ്രാഹ്മണൻ ആരായിരിക്കാമെന്നുള്ള അന്വേഷണമാണു പിന്നെയും അവശേഷിക്കുന്നതു്. ഒരുപക്ഷേ, ആറ്റൂർ ഊഹിക്കുന്നതുപോലെ, അക്കാലത്തു രവിവർമ്മയുടെ സദസ്സിലുണ്ടായിരുന്ന കവികളിൽ ഏതെങ്കിലും ഒരാളായിരിക്കാം എന്നൊരനുമാനത്തിനു വിരോധം കാണുന്നില്ല. എന്തെന്നാൽ,

യദ്യാകാംക്ഷസി വീക്ഷിതും ഗുണരുചേ ചേതഃസമസ്താൻ ഗുണാൻ,
കോലംബാഖ്യമപേഹീ ദക്ഷിണദിശാ സീമന്തരത്നം പുരം
ആസ്തെ യത്ര ഭുജേന കീർത്തിശശിനഃ പൂർവ്വാചലേനോദ്വഹ-
ന്നുർവീമർണവമേഖലാം യദുപതിഃ കല്പദ്രുമോ ജംഗമഃ *

* (ഗുണാഭിലാഷിയായ മനസ്സേ, സകലഗുണങ്ങളും ഒന്നിച്ചുകാണാൻ നീ കാംക്ഷിക്കുന്നുവെങ്കിൽ ദക്ഷിണദിക്കിനു സീമന്തരത്നമായിരിക്കുന്ന കോലംബ പുരത്തേക്ക് പോയാലും. അവിടെ ഭുജപരാക്രമത്താൽ കീർത്തിചന്ദ്രനെ പൂർവ്വാദ്രിയിൽ ഉദ്വഹിച്ചുകൊണ്ടും ജംഗമകല്പദ്രുമമായും ആഴികാഞ്ചിയാൽ ചുറ്റപ്പെട്ട വിപുലയായ ഭൂമിക്കു നാഥനായുമിരിക്കുന്ന യദുവംശരാജാവായ രവിവർമ്മകുലശേഖരപ്പെരുമാൾ ശോഭിക്കുന്നു.)

ഈ മട്ടിൽ പ്രഖ്യാതനായ ആ ജയസിംഹാത്മജനെ,
”അർത്ഥിശ്രേണിക്കഭിമതഫലം നല്കുവാൻ പാരിജാതം– “
”വേലപ്പെണ്ണിന്നഴകുപൊഴിയും…”

ഇത്യാദി പദ്യങ്ങളാൽ സന്ദേശത്തിൽ സവിശേഷം വർണ്ണിച്ചിട്ടുള്ളതു വിചാരിക്കുമ്പോൾ പ്രസ്തുത കവി ആ ചക്രവർത്തിയുടെ സദസ്യരായ കവികളിൽ ഒരാളായിരിക്കണമെന്നൂഹിക്കുന്നതിൽ അത്രതന്നെ അപാകമൊന്നും കാണുന്നില്ല. കവി, രവിവർമ്മയുടെ സദസ്യരിൽ ഒരാളായിരുന്നതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൻ്റെ അനുജനായ ആദിത്യവർമ്മയെ, അവർതമ്മിലുള്ള സ്നേഹാധിക്യത്താൽ സന്ദേശഹരനായി സ്വീകരിച്ചിട്ടുള്ളതെന്നും കരുതാവുന്നതാണു്. മുണ്ടയ്ക്കൽ എത്തുന്ന സന്ദേശഹരനോട്,