പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

ശയ്യോപാന്തേ സലളിതമിരുന്നുണ്ണുനീലീമിരുത്തി–
ക്കമ്രാകാരേ നിജകരതലേ കാന്തതൻ കയ്യുമേന്തി
അത്യാമോദാൽ പുളകമിളകിക്കൊങ്കമേൽ തിങ്ങുമാറ-
ങ്ങസ്മദ്വാർത്താമവളൊടറിയിപ്പിക്ക നീ പിന്നെ മുന്നിൽ.

എന്നു കവി കാന്തയെ സമാശ്വസിപ്പിക്കാൻ അഭ്യർത്ഥിക്കുന്നിടത്തും അവർ തമ്മിലുള്ള ദൃഢമൈത്രിയെത്തന്നെയാണു വ്യക്തമാക്കുന്നതും. ഉളളൂർ ഊഹിക്കും പോലെ നായികയ്ക്കു സന്ദേശഹരനിൽ ദൃഢമായ വിശ്വാസം ജനിക്കുന്നതിനും കവി ഈ പരിപാടി നിർദ്ദേശിച്ചിട്ടുള്ളതായിരിക്കാം. എന്നാൽ മറ്റുചിലർ ഇന്നു സങ്കല്പിക്കുന്നതുപോലെ, തൻ്റെ ആത്മമിത്രത്തിൻ്റെ കരസ്പശത്താൽ കാന്തയുടെ ചാരിത്രം ചോർന്നുപോകുമെന്നുള്ള ഭീതി അന്നു് ആ നായകനെ തീണ്ടിയിരുന്നതേയില്ല.

അപ്പോളുദ്യൽക്കുളുർമതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാശ്രമാംബുഃ
കിഞ്ചിൽക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെ നന്വേതി സന്ധ്യാം.

എന്ന പ്രകൃതിവർണ്ണനയിൽനിന്നു് ഒരു വസ്തുതകൂടി ഉറപ്പിച്ചു പറയാമെന്നു തോന്നുന്നു. കാമക്രീഡാരസത്തിൽ ഇളകിമറിയുന്ന ഉണ്ണുനീലിയുടെ അവസ്ഥയെ ആ പ്രകൃതി അവലംബിച്ചുവെന്നാണല്ലോ കവി പറയുന്നത്. ഇത്തരം ഒരു ശൃംഗാര വർണ്ണന രസികനായ ഒരു നമ്പൂതിരിയിൽനിന്നുതന്നെ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതായിരിക്കണം എന്നൂഹിക്കുന്നതിൽ വലിയ തെറ്റുണ്ടെന്നു തോന്നുന്നില്ല. ആകയാൽ ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയാകാമെന്നുള്ളതിനു് ഇതും സ്വീകാര്യമായ ഒരു തെളിവായി കരുതാം. എന്നാൽ പ്രസ്തുത കവി ആരെന്നു പിന്നെയും ചോദ്യമുണ്ടാകുന്നു. ഒരുപക്ഷേ, ആറ്റൂർ ഊഹിച്ചിട്ടുള്ളതുപോലെ രവിവർമ്മയുടെ സദസ്യരിൽ ഒരാളായിരിക്കാം അദ്ദേഹമെന്നു മാത്രം പറയുവാനേ തൽക്കാലം തരമുള്ളു.