മണിപ്രവാളകാവ്യങ്ങൾ
ഉണ്ണുനീലിസന്ദേശകാരൻ ഒന്നാന്തരം ഒരു പരിഹാസരസികനാണെന്നുള്ളതിൽ സംശയമില്ല. കാവ്യാരംഭംതന്നെ പരിഹാസപ്പുതുപ്പനിനീർച്ചെടിയിൽ നിന്നുമാണല്ലൊ. എന്നുവരികിലും ആ കാലഘട്ടത്തിൻ്റെ ഒരു പശ്ചാത്തലം — ജന സമുദായത്തിൻ്റെ ജീവിതരീതി, ദേവദാസിസമ്പ്രദായം, അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം, പ്രധാന പട്ടണങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നു തുടങ്ങിയ അക്കാലത്തെ സാമൂഹ്യപശ്ചാത്തലം — കാവ്യത്തിൽ പ്രകാശിപ്പിക്കാൻ കവി നിപുണമായി ശ്രമിച്ചിട്ടുണ്ട്. ഉണ്ണുനീലിസന്ദേശകാരൻ്റെ ഭക്തി ഭാവത്തെ പ്രകാശിപ്പിക്കുന്ന ഒരു പദ്യം മാത്രം ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം.
കാലിക്കാലിൽ തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽ കുലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയിൽകൊൾകെങ്ങൾ ചേതഃ
(കാലികളുടെ കുളമ്പടികളിൽ നിന്നുമുയരുന്ന പൊടിപടലം കൊണ്ടു ശോഭയേറിയവനും മുടിയിൽ മയിൽപ്പീലി കെട്ടിയിരിക്കുന്നവനും, മഞ്ഞപ്പട്ടാട ധരിച്ചവനും ഓടക്കുഴലും കാലിമേയ്ക്കുന്ന കോലും കൈകളിൽ ധരിച്ചിരിക്കുന്നവനുമായ ബാലഗോപാലൻ്റെ ലീലയോടുകൂടിയ ആ നീലവർണ്ണമായ രൂപം എല്ലായ്പോഴും എൻ്റെ മനസ്സിൽ കുടികൊള്ളണമേ!)
ഇത്രയും മനോജ്ഞമായ ബാലഗോപാലൻ്റെ ഒരു ചിത്രം മലയാളത്തിൽ ഏതൊരു കവിയാണു ചമച്ചിട്ടുള്ളതു്.
