പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

കോകസന്ദേശം: ഉണ്ണുനീലിസന്ദേശം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന പ്രാചീനമണിപ്രവാളകാവ്യമാണു് കോകസന്ദേശം. പൂർവ്വസന്ദേശത്തിലെ 96 പദ്യങ്ങൾ മാത്രമേ ഇതിനകം നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുള്ളു. കുട്ടമശ്ശേരി നാരായണപ്പിഷാരൊടിയാണ് ഈ കാവ്യം കണ്ടുപിടിച്ച് ഇത്രയെങ്കിലും പദ്യങ്ങൾ നമുക്കു നല്കിയതു്. 1118 തുലാം ലക്കം സാഹിത്യപരിഷൽ ത്രൈമാസികത്തിൽ മഹാകവി ഉള്ളൂരിൻ്റെ ഒരവതാരികയോടുകൂടി പ്രസ്തുത കൃതി ആദ്യമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പിന്നീടു് ‘ചക്രവാകസന്ദേശം’ എന്ന പേരിൽ 1954 മാർച്ചുലക്കം ‘ഭാഷാത്രൈമാസിക’ത്തിലും തിരുവനന്തപുരത്തുനിന്നു് അതിൻ്റെ പ്രസാധകന്മാർ ഈ സന്ദേശഭാഗം പ്രസിദ്ധപ്പെടുത്തിയിരുന്നു.

കാലം: മിക്കവാറും 1400-നു് അടുത്തായിരിക്കണം ഇതിൻ്റെ രചനയെന്നു ഊഹിക്കാം. ”ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം” * (കേരള സാഹിത്യ ചരിത്രം ഒന്നാം വാള്യം. പേജ്. 372) എന്ന് ഉളളൂർ പ്രസ്താവിക്കുന്നു. പക്ഷേ, അത്രത്തോളം പഴക്കം ഇതിനു കല്പിക്കാമെന്നു തോന്നുന്നില്ല.

പ്രതിപാദ്യം: ചേതിങ്കനാട്ടിൽ (ജയസിംഹനാട്ടിൽ — കൊല്ലത്ത്) വസന്തകാലത്ത് ഒരു രാത്രിയിൽ ഒരു കാമി അയാളുടെ പ്രിയതമയുമായി ആനന്ദിച്ചിരുന്നു. അപ്പോൾ, നായകൻ ”മൂർച്ഛാം തടവി നെടുവീർപ്പിട്ടു്” അകാരണമായി കണ്ണുനീർ ചൊരിയുന്നതു കണ്ട നായിക അതിൻ്റെ കാരണം ചോദിക്കുകയും, നായകൻ, താൻ സ്വപ്നത്തിൽ അനുഭവിച്ച ക്ലേശാവസ്ഥകളെ നായികയെ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയോ ഒരു വ്യോമചാരി, നായകനെ നായികയിൽനിന്നു വേർപെടുത്തി വെള്ളാട്ടുങ്കൽ (തെക്കെ മലബാറിൽ തിരുനാവായ്ക്കു സമീപം) കൊണ്ടുചെന്നാക്കിയത്രെ. അവിടെ വാപീതടത്തിൽ ഒരു ചക്രവാകത്തെക്കണ്ട് അതിനെ സന്ദേശഹരനാക്കി കൊല്ലത്തേക്കയയ്ക്കുന്നു. വെള്ളാട്ടുങ്കൽ മുതൽ ഇടപ്പള്ളിവരെയുള്ള മാർഗ്ഗവർണ്ണനമേ നമുക്കു ലഭിച്ചിട്ടുള്ളു.