മണിപ്രവാളകാവ്യങ്ങൾ
വളരെ വിസ്തരിച്ചുള്ള വർണ്ണനകളാണു് ഇതിലുള്ളത്. പൂർവ്വസന്ദേശത്തിൽത്തന്നെ ഇനിയും ഇത്രയും പദ്യങ്ങൾകൂടി ഉണ്ടായിരിക്കാമെന്നു തോന്നുന്നു. കവിയുടെ വർണ്ണനകളും ഭാവനകളും അതീവഹൃദ്യങ്ങളാണു്:
സാനന്ദം വന്നുഷസി മഴലക്കണ്ണിമാരൊക്കെ മാഘ-
സ്നാനം ചെയ്യുമ്പൊഴുതവർകളിൽ ചിത്തമംഭസ്സു ഗാത്രം
യൂനം മഗ്നം ഭവതി നിതരാം യത്ര സാ ദർശനീയാ
വാനോർ പോലും കനിവൊടുവണങ്ങിൻറ പേരാറുപാന്തേ.
എന്നിങ്ങനെയാണു് പേരാറിനേയും പരിസരങ്ങളേയും വർണ്ണിക്കുന്നത്. വെള്ളോട്ടുങ്കൽനിന്നു പുറപ്പെട്ട ചക്രവാകം ഓരോ സ്ഥലവും കടന്നു ചേന്നമംഗലത്തുകൂടി പറവൂർ ഗ്രാമത്തിലെത്തുന്നു. അവിടെനിന്നു പെരുവാരത്തെത്തുമ്പോൾ ആ ക്ഷേത്രത്തിലെ കാലാരാതിയെ വർണ്ണിക്കുന്നതു നോക്കുക:
പ്രാലേയാംശുപ്രഗളിതസുധാശീതളം മൗലിദേശേ
ഫാലേ ചാലക്കൊടിയ ദഹനജ്വാലയാ താപ്യമാനം
ആലംവിങ്ങും ഗളമഗസുതാലിംഗനാബദ്ധ സൗഖ്യം
കാലാരേ! നിൻ വപുരുടനുടൻ തോഷണം ഭീഷണം മേ.
സാഹിത്യകുതുകികളേയും ചരിത്രാന്വേഷകന്മാരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ കാവ്യം, ഉണ്ണുനീലിസന്ദേശം പോലെ വിലപ്പെട്ട ഒന്നാണെന്നു നിസ്സംശയം പറയാം. ഇതിൻ്റെ ബാക്കി ഭാഗങ്ങളും ആരെങ്കിലും ഗവവേഷണം ചെയ്തു പ്രസിദ്ധപ്പെടുത്തുന്നതായാൽ അതു നമ്മുടെ സാഹിത്യത്തിന് ഗണ്യമായ ഒരു സമ്പാദ്യമായിരിക്കും.
