മണിപ്രവാളകാവ്യങ്ങൾ
മറ്റു സന്ദേശകാവ്യങ്ങൾ: ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള ഉദാഹരണ ശ്ലോകങ്ങളിൽ ചിലതെല്ലാം സന്ദേശകാവ്യങ്ങളിൽ ഉൾപ്പെട്ടവയായിരിക്കണമെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ അനേകം സന്ദേശകാവ്യങ്ങൾ ലീലാതിലക കാലത്തോടടുത്തു് ഉണ്ടായിട്ടുണ്ടെന്നുള്ളതു നിർവ്വിവാദമാണു്. “സ്വാസ്രപൂവ്വം…. പ്രേഷിതഃ കാക ഏവ” എന്ന ഉദാഹരണശ്ലോകം ഏതോ ഒരു കാകസന്ദേശത്തിലേതായിരിക്കാം. അതുപോലെതന്നെ ”നീരാടമ്മേ, നിവസനമിദം ചാർത്തു” എന്നു തുടങ്ങുന്ന പദ്യവും ഏതെങ്കിലും സന്ദേശത്തിൽനിന്ന് ഉദ്ധരിച്ചിട്ടുള്ളതാകാം. ഉദാഹരണങ്ങൾ വേറെയുമുണ്ട്. എന്നാൽ ഈവക ശ്ലോകങ്ങളുടെ മൂലകൃതികളേപ്പറ്റി കൂടുതൽ ഒന്നും നമുക്കറിവാൻ സാധിക്കുന്നില്ല. ലക്ഷ്മീദാസൻ്റെ ശുകസന്ദേശത്തിനു ശേഷമുണ്ടായിട്ടുള്ള മയൂരദൂതം, കോകിലസന്ദേശം, ഭ്രമരസന്ദേശം, സുഭഗസന്ദേശം തുടങ്ങിയ സംസ്കൃത സന്ദേശകാവ്യങ്ങളിൽ പലതും ലഭിക്കുവാൻ ഇടയായിട്ടുണ്ട്. പക്ഷേ, ഉണ്ണുനീലിസന്ദേശം, കോകസന്ദേശം എന്നീ കാവ്യങ്ങൾക്കു ശേഷമുണ്ടായിട്ടുള്ള മണിപ്രവാള സന്ദേശകാവ്യങ്ങളിൽ ഒന്നും തന്നെ പൂർണ്ണമായോ ഭാഗികമായോ ഇന്നുവരെ നമുക്കു ലഭിച്ചുകഴിഞ്ഞിട്ടില്ല. സാഹിത്യ പ്രണയികളുടെ അന്വേഷണശക്തി അചിരേണ അവയിൽ ചിലതെങ്കിലും വെളിച്ചത്തുവരുത്തുവാൻ സഹായകമായിത്തീരുമെന്നു പ്രത്യാശിക്കാം.
