പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

മൂന്നാം ദിവസം പ്രഭാതത്തിനു യാത്ര തുടർന്നു വീണ്ടും കണ്ടിയൂർക്കുതന്നെ വരുന്നു. പിന്നീടു്, ചെന്നിത്തല, നാമം, തിർക്കുറണ്ടി, പനയനാർകാവു് മുതലായ സ്ഥലങ്ങൾ കടന്നു്, ചിറവായ് ‌സ്വരൂപത്തിൻ്റെ വാസസ്ഥാനമായ തെന്തുരുത്തിയിൽ എത്തി ‘പഴവാറെൻറുചൊല്ലും ചടങ്ങും നടത്തി’, വീണ്ടും പുറപ്പെടുകയായി. തിരുവല്ല, കരിയനാട്, മുത്തൂററം, നാലുകോടി, തിർക്കൊടിത്താനം എന്നിവ കടന്നു തെക്കുംകൂർ രാജ്യത്തിൽ പ്രവേശിക്കുന്നു. രാജധാനിയിൽ ഉണ്ടെങ്കിൽ, രാമവർമ്മ എന്നു പേരുള്ള അന്നത്തെ തെക്കുംകൂർരാജാവിനെ കണ്ടുപോകാൻ പറയുന്നുണ്ട്. പിന്നീടു് ”ഛത്രശ്രേണീവിരചിതനടപ്പന്തലൂടെ നടന്നു്, തിരുവാഞ്ചപ്പുഴ കടന്നു്, തിരിഞ്ഞയ്യടിക്കേറ്റുമാനൂർ” എത്തുന്നു. ഊണും തേവാരവും അവിടെ നടത്തി വീണ്ടും പുറപ്പെട്ടു കോതനല്ലൂർ കടന്നു. ബിംബലീപാലകന്മാരുടെ — വടക്കുംകൂർരാജാക്കന്മാരുടെ –സിന്ധുദ്വീപിൽ — കടുത്തുരുത്തിയിൽ പകലോൻ അംഭോരാശിയിൽ എന്നപോലെ സന്ധ്യയോടുകൂടി ചെന്നുചേരുന്നു. ഇതോടുകൂടി മാർഗ്ഗക്രമവും പൂർവ്വഭാഗവും അവസാനിക്കുകയായി.

ഉത്തരഭാഗത്തിൽ, വടക്കുംകൂർരാജ്യത്തിൻ്റെ രാജധാനിയായ വടമതിരയെ സവിസ്തരം വർണ്ണിക്കുന്നു. സന്ദേശഹരനോട് അന്നു് അവിടെ രാജ്യഭാരം ചെയ്യുന്ന ‘മണികണ്ഠാഖ്യസാമന്തമൗലി’യെ ചെന്നു കാണുന്നതിനു പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. ആ രാജധാനിയിൽത്തന്നെയുള്ള ചിരികണ്ടൻ, കോതവർമ്മൻ, ഇരവി മണികണ്ഠാഖ്യൻ, രാമവർമ്മൻ മുതലായവർ സന്ദേശഹരനെ പ്രത്യേകം പ്രത്യേകം വന്നു കണ്ടു കുശലപ്രശ്നങ്ങൾ ചെയ്യുന്നു. രാജധാനിക്കു സമീപമുള്ള ‘മലിചിറ’ എന്ന പൊയ്കയെ സവിശേഷം വർണ്ണിക്കുന്നുണ്ട്.