പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

നീരാടിൻ്റോർ ചില ചലദൃശാം പൂർണ്ണചന്ദ്രാഭിരാമം
വക്ത്രം മുക്കുംപൊഴുതു മുഴുവൻ കൂമ്പുമാമ്പൽപ്രസൂനം
കൂടിപ്പിന്നെത്തെളിവിനൊടെഴക്കണ്ടു വിങ്ങിച്ചിരിച്ചി–
ട്ടം ഭോജാനാം പകലപി നിറക്കേടണച്ചീടുവൊൻറ്. (18)

ഇത്തരത്തിലുള്ള ആ വാപിയുടെ ‘കിഴക്കിൻചിറയ്ക്കു’ പിൻവശത്തായിട്ടാണു വീരമാണിക്കമെന്നു പ്രസിദ്ധമായ നായികാഗൃഹം സ്ഥിതിചെയ്യുന്നതു്. തുടർന്നു ഗൃഹവർണ്ണന ആരംഭിക്കുന്നു. അനന്തരം നായികയെ ആപാദചൂഡം വർണ്ണിക്കുകയും, അവളുടെ വിരഹവ്യഥയെ പ്രകടമാക്കുകയും ചെയ്യുന്നു. വിരഹത്തിൽ തനിക്കു ന്യായമായി സങ്കടപ്പെടാൻ അവകാശമുണ്ടെന്നു് സന്ദേശഹരന്നു സ്വയം ബോദ്ധ്യമാകത്തക്കവണ്ണം അത്രയ്ക്കു ഹൃദയാവർജ്ജകമായും സ്വാഭാവികമായുമാണു ഈ ഭാഗം കവി വർണ്ണിക്കുന്നതു്.

നീലക്ഷൗമം പുറവുറയുമിട്ടുത്തമേ മെത്തമേല-
ന്നീലപ്പാത്തിൻ പരിചെഴുമിളം തൂയലാം തൂലഭാജി
ചാലത്താലുറ്റുടനുടനുരുണ്ട സ്ഥിരസ്ഥാനശയ്യാ
തോലിത്താഴത്തവശപതിതാ രോദതീ പ്രാണനാഥാ. (65)

ദേവീം നിദ്രാമുപഗതവതി ചാലനാൾ വേറിരുന്നോ–
രെന്നെക്കണ്ടിട്ടുപഗതമഹാനന്ദസന്ദോഹവേഗാൽ
അർദ്ധാശ്ലേഷേ സരഭസമുണർന്നാകുലാ ശോകസിന്ധൗ
പണ്ടേതിൽക്കാൾ മുഴുകി മുറയിട്ടങ്ങിനേ സംസ്ഥിതാ വാ. (68)

ഈ മട്ടിൽ നായികയുടെ ദയനീയസ്ഥിതിയെ, അഥവാ വിപ്രലംഭശൃംഗാരത്തിൻ്റെ വിവിധഘട്ടങ്ങളെ, മധുരമധുരമായി വർണ്ണിച്ചശേഷം, സന്ദേശവിവരങ്ങളും ”തേറ്റ”ത്തിന്നായി അടയാളങ്ങളും നല്കുന്നു. ഒടുവിൽ സന്ദേശവാഹകൻ്റെ ”പുനർദ്ദർശനാന്ദലക്ഷമി”യെ പ്രാർത്ഥിച്ചുകൊണ്ട് കാവ്യവും അവസാനിപ്പിക്കുന്നു.