പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

കാളിദാസൻ്റെ മേഘസന്ദേശമാണു് ഉണ്ണുനീലി സന്ദേശത്തിനും മാർ​ഗ്​ഗദർശകം. പക്ഷേ, കാളിദാസൻ്റെ കാവ്യമർമ്മജ്ഞത നമ്മുടെ കവിക്കു ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വിരഹദുഃഖമാണല്ലൊ ഇത്തരം കാവ്യങ്ങളുടെ ജീവൻ. പ്രിയാവിരഹം കൊണ്ട് ഉള്ളു പൊള്ളുന്നവനും, നായികയുടെ സമീപത്തെത്താൻ ഒരുവിധത്തിലും കഴിവില്ലാതായിത്തീർന്നവനുമായ ഒരു നായകനേ അനുവാചകരുടെ സഹതാപം അർഹിക്കുന്നുള്ളൂ. മേഘസന്ദേശത്തിലെ നായകൻ അങ്ങനെയുള്ള ഒരുവനാണു്. ഏതോ താൻ പിഴചെയ്കയാൽ — കാന്താസക്തിമൂലമായിരിക്കണം ആ പിഴ വന്നതെന്നൂഹിക്കാം — ഒരു കൊല്ലത്തേക്കു കാന്തയുമായി പിരിഞ്ഞിരിക്കാൻ കുബേരൻ യക്ഷനെ ശപിച്ചു ശിക്ഷിക്കുന്നു. അയാളുടെ ദിവ്യമഹിമാവും അസ്തംഗതമാക്കി രാമഗിരിയിലേക്കു വിട്ടിരിക്കയാണ്. ജന്മനാ കാമഭോഗങ്ങളിൽ മുഴുകിയ ഒരു വ്യക്തിയാണു് യക്ഷൻ. ആ വിഷയാസക്തി ഉദ്ദീപകമായിത്തീരത്തക്ക പരിതഃസ്ഥിതികളിൽ ജീവിക്കാനിടവരികയും ചെയ്യുന്നു. അങ്ങനെ ഓരോ ഋതുക്കളും അയാൾ ഒരുവിധത്തിൽ കഴിച്ചുകൂട്ടുന്നു. ആ ഘട്ടത്തിലാണു് വർഷത്തു വന്നണഞ്ഞതു്. അപ്പോൾ യക്ഷനിൽ പ്രകടമായ ഔത്സുക്യഭേദങ്ങളെയാണു കാളിദാസൻ വർണ്ണിക്കുന്നതു്. അനുവാചകർക്കു് യക്ഷൻ്റെ നിസ്സഹായാവസ്ഥയിൽ അനുകമ്പയ്ക്കവകാശമുണ്ട്. എന്നാൽ ഇവിടെയോ? യക്ഷിയിൽനിന്നു മുക്തനായ ഉടനെ തന്നെ വേണമെങ്കിൽ അല്പസമയം അവിടെ വിശ്രമിച്ചിട്ടു് നായകന്നു കടുത്തുരുത്തിയിലേക്കു പോകാമായിരുന്നു. അങ്ങനെ ചെയ്യാതെ വസന്തത്തിൻ്റെ ആവിർഭാവവും വിരഹവ്യഥയമൊക്കെ കൃത്രിമമായി വരുത്തിയിരിക്കയാണു്. തന്മൂലം കാവ്യത്തിൻ്റെ സ്വാഭാവികത നഷ്ടപ്പെട്ടു. കാളിദാസസന്ദേശത്തിൻ്റെ പിറകെ നടന്നിട്ടുള്ള സന്ദേശകാരന്മാരിൽ അധികംപേരും ഈ കലാമാർമ്മം മറന്നിരിക്കയാണു്. അതിൻ്റെ ചട്ടക്കൂടിനെയാണു മിക്കവരും അനുകരിച്ചിട്ടുള്ളത്. ഉണ്ണുനീലിസന്ദേശകാരനും അങ്ങനെതന്നെ. ഉണ്ണുനീലിസന്ദേശകാരനെപ്പറ്റി വിശേഷവിധിയായി എന്തെങ്കിലും ഒന്നു പറയുവാനുണ്ടെങ്കിൽ, അതു ലക്ഷ്മീദാസകവിയുടെ ശുകസന്ദേശത്തെ കവി ഇതിൽ കൂടുതൽ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുമാത്രമാണു്.