പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

എന്നാൽ സന്ദേശകാലത്തു കൊല്ലം കേന്ദ്രമാക്കി വാണിരുന്ന രവിവർമ്മൻ,
‘പാരാളം പാണ്ഡ്യചോളേശ്വരർ നിജമകുടീഭാസ്സിനാൽപ്പാദപീഠം
നീരാജിപ്പിച്ചു കാൽത്താർതൊഴുമളവു യഥാവാഞ്ചരിതം കാഞ്ചിതന്നിൽ
പാരാവാരാംബരാലംകൃതഭരതമഹീപ്രാജ്യസാമ്രാജ്യലക്ഷ്മീ-
താരാധീശാസ്യയാളെത്തഴുകിന ജയസിംഹാത്മജൻ താവകീനൻ

എന്നു മഹാകവി ഉളളൂർ മംഗളമഞ്ജരിയിൽ വർണ്ണിക്കുന്ന സാക്ഷാൽ സംഗ്രാമധീര ബിരുദധാരിയായ രവിവർമ്മചക്രവർത്തിയല്ലെന്നുള്ളതു സ്പഷ്ടമാണു്. എന്തുകൊണ്ടെന്നാൽ, 1313-ൽ സംഗ്രാമധീരൻ രവിവർമ്മ അന്തരിച്ചതായി രാജ്യചരിത്രകാരന്മാർ പ്രസ്താവിക്കുന്നു. ദക്ഷിണേന്ത്യയെ ഒരു തുലുക്കൻപട ആദ്യമായാക്രമിച്ചതു്. 1311-ലാണു്. മാലിക്കാഫറുടെ നേതൃത്വത്തിൽ പുറഴപ്പെട്ട ആ സൈന്യം മധുരയിൽ പ്രവേശിച്ചെങ്കിലും, അവർ അവിടെ അധികാരം നടത്തുകയോ, വ്യാപിക്കയോ ചെയ്തതായി ചരിത്രകാരന്മാർ പ്രസ്താവിക്കുന്നില്ല. മഹമ്മദ്ബിൻ തുഗ്ളക്കാണു് തെക്കെ ഇന്ത്യയെ പിടിച്ചടക്കാനുള്ള മോഹാത്തോടുകൂടി ഒരു സേനയെ ആദ്യമായി അയച്ചതു്. ജലാലുദീൻ്റെ നേതൃത്വത്തിൽ പുറപ്പെട്ട ആ സേനകൾ മധുര സ്വാധീനപ്പെടുത്തുകയും മഹമ്മദിൻ്റെ ഗവർണ്ണറായി ജലാലുദീൻ അവിടെ ഭരണമാരംഭിക്കയും ചെയ്തു. സംഗ്രാമധീരൻ രവിവർമ്മയുടെ കാലശേഷമാണു ഈ സംഭവ മുണ്ടായത്. 1335 മുതൽ ഒരു നാല്പതു വർഷത്തേക്കു മുസൽമാൻഭരണം മധുരപ്രദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നു ചരിത്രപണ്ഡിതനായ സർദാർ പണിക്കർ പറഞ്ഞു കാണുന്നു. അതും മേൽപ്പറഞ്ഞ സംഭവത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സന്ദേശകാലത്തെ ഇരവിവർമ്മനും തൃപ്പാപ്പൂർ മൂപ്പ് ആദിത്യവർമ്മനും ജീവിച്ചിരുന്നതും ഈ കാലഘട്ടത്തിനിടയ്ക്കുതന്നെ.