മറ്റു ഭാഷാഗാനങ്ങൾ
പൂന്താനം: ഭക്തകവീന്ദ്രന്മാരായ മേല്പത്തൂർ നാരായണഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരുടെ കാലത്തോടടുത്തു ജീവിച്ചിരുന്ന പരമഭാഗവതനായ ഒരു കവികോകിലമാണ് പൂന്താനത്തു നമ്പൂരി. തെക്കെ മലബാറിൽ വള്ളവനാട്ടു താലൂക്കിൽ നെന്മേനി അംശത്തിലായിരുന്നു കവിയുടെ ഇല്ലം. ഇത്രമാത്രമല്ലാതെ അദ്ദേഹത്തിൻ്റെ നാമധേയം പോലും നമുക്കിന്നു നിശ്ചയമില്ല. ‘ബ്രഹ്മദത്തൻ’ എന്നു ചിലർ പറഞ്ഞുവരുന്ന പേരിനും അടിസ്ഥാനമില്ലെന്നാണ് കേൾക്കുന്നതു്. ‘ഭക്തിയും വിഭക്തിയും’ എന്ന വള്ളത്തോൾ കവിത മേല്പത്തൂരും പൂന്താനവും സമകാലികന്മാരായിരുന്നു എന്ന ഐതിഹ്യമനുസരിച്ചെഴുതിയിട്ടുള്ള ഒന്നാണു്. പൂന്താനം ‘സന്താനഗോപാലം’ എഴുതുന്നകാലത്ത് ഇടയ്ക്കിടയ്ക്ക് ഭട്ടതിരിയെ കാണിക്കയും ഭട്ടതിരി അതിലെ പിഴകൾ തിരുത്തിക്കൊടുക്കയും ചെയ്തിരുന്നുവത്രെ. ഈ ശല്യം വർദ്ധിക്കയാൽ ഒരിക്കൽ ആ പണ്ഡിതമണ്ഡലാഗ്രഗണ്യൻ, തെല്ലൊരസ്വരസത്തിൽ, ഇതു ‘മറ്റു വല്ലവരേയും കാട്ടിക്കൊള്ളുക’ എന്നു പറയുകയും, ഉത്തരക്ഷണത്തിൽ പൂന്താനം ആശാഭംഗത്തിൽ മുങ്ങിപ്പോകയും ചെയ്തുവത്രെ. ഭട്ടപാദർക്കു ശമിച്ചിരുന്ന വാതവ്യാധി അന്നുതന്നെ പെട്ടെന്നു പെരുതായിത്തീരുകയും, ‘ഹാ, കൃഷ്ണ! ഹരേ!’ എന്നു കേണരുളുകയുമായി. അന്നു രാത്രിയിൽ ഭഗവാൻ ബാലഗോപാലൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്.
അബ്ഭാഷാകവിയുടെ സങ്കടം തീർക്കുകിനി-
അൽപ്രീതിയല്ലാതില്ലാ മരുന്നീ രോഗം മാറാൻ;
കേളിയേറിന മേല്പത്തൂരിൻ്റെ വിഭക്തിയെ-
ക്കാളിഹ പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം!
എന്നരുളിച്ചെയ്യുകയും, അന്നുതന്നെ പൂന്താനത്തിനും ദർശനം നല്കി ആ ഭക്തോത്തമനെ ആശ്വസിപ്പിക്കയും ചെയ്തുവെന്നുമാണ് പ്രസിദ്ധമായ ഐതിഹ്യം.