മറ്റു ഭാഷാഗാനങ്ങൾ
പർവ്വങ്ങൾ: കിളിപ്പാട്ടുകൃതികളെ മുഖ്യമായി അനുകരിച്ചെഴുതിയിട്ടുള്ളവയാണു്. വിധിപർവ്വം കളകാഞ്ചിയിലും, നരകപർവ്വവും മോക്ഷപർവ്വവും കേകയിലുമാണു് എഴുതിയിട്ടുള്ളതു്. മരണപർവ്വത്തിലെ വൃത്തം മഞ്ജരിയാണു്. ആസന്നമരണനായ ഒരുവൻ്റെ അന്തർഗ്ഗതങ്ങളെയാണു് മരണപർവ്വത്തിൽ വർണ്ണിക്കുന്നതു്. മോക്ഷപർവ്വത്തിലെ സ്വർഗ്ഗപുരിവർണ്ണന, കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ദ്വാരകാപുരിവർണ്ണനയെ അനുസ്മരിപ്പിക്കുവാൻ പര്യാപ്തമായിരിക്കുന്നു. നരകപർവ്വത്തിലെ പല ഘട്ടങ്ങളും കവിയുടെ വർണ്ണനാവൈഭവത്തെയും കല്പനാശക്തിയെയും വിളിച്ചുപറയുന്നവയാണു്. അതിലെ പിതൃപുത്രസംവാദം രസാവഹമെന്നേ പറയാവൂ.
ഒരു നരകജീവിയുടെ ആകൃതിയെ വർണ്ണിക്കുന്നതു നോക്കുക:
ശിരസ്സിൽ മുടിവത്സസർപ്പങ്ങൾ പലതരം
വിരൂപദൃഷ്ടികളിൽ വൃശ്ചികമിരിക്കുന്നു;
വളരെ നയനാംബു സന്തതമൊഴുകുന്നു
തിളച്ച വെള്ളത്തോടു സമാനം പുകയുന്നു….
ഉത്തരാധരോഷ്ഠങ്ങൾ ചുട്ട മാംസത്തോടൊക്കും
അത്യുഷ്ണത്തിൻ ചിഹ്നം പുക വായിലേ ശ്വാസം.